പുതിയ സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമം: സ്വാശ്രയ സംഘങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഒ.ജെ ജനീഷ് കുമാറിന് നിവേദനം
തളിപ്പറമ്പ്: 2025-ലെ പുതിയ സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമത്തിലെ അശാസ്ത്രീയമായ ചില വ്യവസ്ഥകൾ കാരണം സംസ്ഥാനത്തെ സ്വാശ്രയ സംഘങ്ങൾ നേരിടുന്ന കടുത്ത പ്രായോഗിക തടസങ്ങളും പ്രതിസന്ധിയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ ജനീഷിന് നിവേദനം നൽകി. തളിപ്പറമ്പ് സമന്വയ സ്വാശ്രയ സംഘം പ്രതിനിധികളാണ് നിവേദനം സമർപ്പിച്ചത്.പുതിയ നിയമം നിലവിൽ വന്നതോടെ സ്വാശ്രയ സംഘങ്ങളുടെ രജിസ്ട്രേഷനും രജിസ്ട്രേഷൻ പുതുക്കലും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന അവസ്ഥയിലാണ്. സമ്പാദ്യ ശീലം, മിതവ്യയം, വായ്പ, പലിശ തുടങ്ങിയ കാര്യങ്ങൾ ബൈലോയിൽ ഉൾപ്പെടുത്താൻ പാടില്ലെന്നാണ് ബന്ധപ്പെ ഉദ്യോഗസ്ഥർ പറയുന്നത്.സമാനമായ സാമൂഹിക-സാമ്പത്തിക പശ്ചാത്തലമുള്ള വ്യക്തികൾ, തങ്ങളുടെ സാമ്പത്തിക-സാമൂഹിക അഭിവൃദ്ധിക്കായി പരസ്പര സഹായത്തിന്റെയും പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തിൽ സ്വമേധയാ രൂപീകരിക്കുന്നതും, സമ്പാദ്യ സ്വരൂപണത്തിനും (Thrift) അംഗങ്ങൾക്കിടയിലെ പരസ്പര വായ്പാ വിതരണത്തിനും പ്രാഥമിക ഊന്നൽ നൽകുന്നതുമായ ചെറിയ കൂട്ടായ്മയെയാണ് സ്വാശ്രയ സംഘങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്.എന്നാൽ പുതിയ നിയമത്തിൻ്റെ പേരിൽ ലഭിക്കുന്ന നിർദ്ദേശങ്ങൾ പലതും സ്വാശ്രയ സംഘങ്ങളുടെ അടിസ്ഥാന പ്രവർത്തന തത്ത്വങ്ങൾക്ക് തന്നെ വിരുദ്ധമാണെന്നാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നത്.ആഴ്ചതോറുമുള്ള ചെറിയ തുകയുടെ വരിസംഖ്യ പോലും വരുമാനമായി കണക്കാക്കി ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത ഫയലുകൾ സമർപ്പിക്കണമെന്ന നിർദ്ദേശം സാധാരണക്കാരായ അംഗങ്ങളുള്ള സംഘങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയാണ്. 200 ആഴ്ച്ച വരിസംഖ്യയുളള സംഘങ്ങൾ എല്ലാം രണ്ട് ലയം രൂപ വാർഷിക വരുമാന പരിധിക്ക് മുകളിൽ വരുന്നതോടെ
സി.എ ഓഡിറ്റ് ആവശ്യമായി വരുന്ന അവസ്ഥയാണ്.2025-ലെ പുതിയ നിയമത്തിൽ സ്വാശ്രയ സംഘങ്ങളുടെ പ്രത്യേക സ്വഭാവം നിർവ്വചിച്ചതിലെ അശാസ്ത്രീയതയാണ് ഈ ആശയക്കുഴപ്പങ്ങൾക്ക് കാരണമെന്നാണ് ആക്ഷേപം.ചെറിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്വാശ്രയ സംഘങ്ങളെ ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കുക, ബൈലോയിൽ വായ്പയും സമ്പാദ്യവും ഉൾപ്പെടുത്താൻ വ്യക്തമായ സർക്കുലർ പുറപ്പെടുവിക്കുക, രജിസ്ട്രേഷൻ തടസങ്ങൾ നീക്കാൻ അടിയന്തര ഇടപെടൽ നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ ഉന്നയിച്ചത്. വിഷയത്തിൽ അനുഭാവപൂർവ്വമായ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.തളിപ്പറമ്പ് സമന്വയ സ്വാശ്രയ സംഘം ഭരണ സമിതി അംഗങ്ങളായ ബൈജു ബി.കെ, വിമൽ ചേടിച്ചേരി, ദിവാകരൻ ഐ, രഞ്ജിത്ത് കെ, ബിജ്നു കെ, രവി പുളുക്കൂൽ, ശാരിമ രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്.