ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 43 റൺസിന് ഇന്ത്യയുടെ ജയം
ട്വന്റി20യിലെ പുതിയ നായകനും പരിശീലകനും കീഴിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഗംഭീര ജയം. ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 43 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ അനായാസ വിജയം സ്വപ്നം കണ്ട ലങ്കയെ അവസാന ഓവറുകളിലെ ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങാണ് തകർത്തത്. ആതിഥേയർ 19.2 ഓവറിൽ 170 റൺസിന് ഓൾ ഔട്ടായി. അവസാന 30 പന്തുകളില്‍ 30 റണ്‍സ് മാത്രം വഴങ്ങി ലങ്കയുടെ ഒമ്പത് വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മുന്നിലെത്തി (1-0).
ഗൗതം ഗംഭീറിന് ഇന്ത്യൻ പരിശീലകനെന്ന നിലയിൽ ആദ്യ മത്സരമായിരുന്നു. സൂര്യകുമാർ യാദവിന്റെ നായക ഇന്നിങ്സാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. 26 പന്തിൽ രണ്ടു സിക്സും എട്ടു ഫോറുമടക്കം 58 റൺസെടുത്ത് ടീമിന്റെ ടോപ് സ്കോററായി. റിയാൻ പരാഗ് മൂന്നു വിക്കറ്റ് വീഴ്ത്തി. ലങ്കക്കായി ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വന്നവർക്ക് ക്രീസിൽ നിലയുറപ്പിക്കാനായില്ല. പത്തും നിസംഗയും കുശാൽ മെൻഡിസും ഇന്ത്യൻ ബൗളർമാരെ സിക്സുകളും ബൗണ്ടറികളും തലങ്ങും വിലങ്ങും പായിച്ചാണ് തുടങ്ങിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 8.4 ഓവറിൽ 84 റൺസ് അടിച്ചുകൂട്ടി. 27 പന്തിൽ 45 റൺസെടുത്ത മെൻഡിസിനെ ജയ്സ്വാളിന്റെ കൈകളിലെത്തിച്ച് അർഷ്ദീപ് സിങ് ആദ്യ ബ്രേക്ക് ത്രൂ നൽകി. നേരത്തെ ടോസ് നേടിയ ലങ്കൻ നായകൻ അസലങ്ക ഫീൽഡിങ് തെരഞ്ഞെടുക്കുക യായിരുന്നു. മലയാളി താരം സഞ്ജു സാംസൺ കളിച്ചില്ല. സ്പെഷൽ ബാറ്ററായി സഞ്ജുവിനെ കളിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.