പാനമയെ വീഴ്ത്തി കരുത്തരായ കൊളംബിയ കോപ്പ അമേരിക്ക സെമിയിൽ
ക്വാർട്ടർ പോരാട്ടത്തിൽ പാനമയെ വീഴ്ത്തി കരുത്തരായ കൊളംബിയ കോപ്പ അമേരിക്ക ഫുട്ബോളിന്റെ സെമിയിൽ കടന്നു. ഇന്ത്യൻ സമയം ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് കൊളംബിയ പാനമയെ വീഴ്ത്തിയത്. വ്യാഴാഴ്ച പുലർച്ചെ നടക്കുന്ന രണ്ടാം സെമിയിൽ, ബ്രസീൽ – യുറഗ്വായ് ക്വാർട്ടർ വിജയികളാണ് കൊളംബിയയുടെ എതിരാളികൾ. ബ്രസീൽ – യുറഗ്വായ് ക്വാർട്ടർ പോരാട്ടത്തിന് ഇന്ത്യൻ സമയം രാവിലെ 6.30നാണ് കിക്കോഫ്. മത്സരത്തിന്റെ ആദ്യപകുതിയിൽ കൊളംബിയ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുൻപിലായിരുന്നു. മത്സരത്തിലെ രണ്ടു ഗോളുകൾ കൊളംബിയ നേടിയത് പെനൽറ്റിയിൽ നിന്നാണ്. ജോൺ കോർഡോബ (എട്ടാം മിനിറ്റ്), ഹാമിഷ് റോഡ്രിഗസ് (15–ാം മിനിറ്റ്, പെനൽറ്റി), ലൂയിസ് ഡയസ് (41–ാം മിനിറ്റ്), റിച്ചാർഡ് റിയോസ് (70–ാം മിനിറ്റ്), മിഗ്വേൽ ബോർഹ (90+4–ാം മിനിറ്റ്, പെനൽറ്റി) എന്നിവരാണ് കൊളംബിയയ്ക്കായി ലക്ഷ്യം കണ്ടത്.,