
യൂറോ കപ്പില്‍ സ്ലൊവേനിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് മറികടന്ന് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍
യൂറോ കപ്പില്‍ സ്ലൊവേനിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് മറികടന്ന് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ സ്ലൊവേനിയയുടെ ആദ്യ മൂന്ന് കിക്കുകളും തടുത്തിട്ട പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ഡിയോഗോ കോസ്റ്റയാണ് വിജയശില്പി. പോര്‍ച്ചുഗല്‍ മൂന്ന് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. എക്സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. 102ാം മിനിറ്റില്‍ ഡിയോഗോ ജോട്ടയെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി സ്ലൊവേനിയന്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തുകയായിരുന്നു. മല്‍സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച സ്ലൊവേനിയന്‍ ഗോള്‍കീപ്പര്‍ക്ക് ഷൂട്ടൗട്ടില്‍ ടീമിനെ രക്ഷിക്കാനായില്ല. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
120 മിനിറ്റ് കളിച്ചിട്ടും പോര്‍ച്ചുഗലിനെ ഗോളടിക്കാന്‍ അനുവദിക്കാതിരുന്ന സ്ലൊവേനിയ പലപ്പോഴും വിജയത്തിനടുത്തെത്തിയിരുന്നു. എക്സ്ട്രാ ടൈമില്‍ മല്‍സരത്തിലെ ഏറ്റവും മികച്ച അവസരം ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ സ്ലൊവേനിയക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. കയറിയെത്തിയ ഗോള്‍കീപ്പര്‍ ഡിയോഗോ കോസ്റ്റയാണ് പോര്‍ച്ചുഗലിന്റെ ആയുസ് നീട്ടിയെടുത്തത്. ഷൂട്ടൗട്ടില്‍ ക്രിസ്റ്റ്യാനോ, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ എന്നിവരാണ് പോര്‍ച്ചുഗലിനായി സ്കോര്‍ ചെയ്തത്.