പോരാട്ടത്തിനൊടുവിൽ ബെൽജിയം വീണു; ഒരറ്റ ഗോളിന്റെ കരുത്തിൽ ഫ്രഞ്ച് പട ക്വാർട്ടറിലേക്ക്
യൂറോ കപ്പ് പ്രീക്വാർട്ടറിലെ കരുത്തരുടെ പോരാട്ടത്തിനൊടുവിൽ ബെൽജിയം വീണു. ഒരറ്റ ഗോളിന്റെ കരുത്തിൽ ഫ്രഞ്ച് പട ക്വാർട്ടറിലേക്ക് ഇടിച്ചുകയറി. 85ാം മിനിറ്റിൽ ബെൽജിയം ഡിഫൻഡർ വെട്രോഗന്റെ കാലിലൂടെ പിറന്ന സെൽഫ്ഗോളാണ് ഫ്രാൻസിനെ ജയിപ്പിച്ചത്. ലോക റാങ്കിങ്ങിൽ രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടം എന്നനിലയിൽ തീപാറുമെന്നുറപ്പായിരുന്ന മത്സരത്തിൽ ബെൽജിയത്തിന് മേൽ തുടക്കം മുതൽ ഫ്രാൻസിന് തന്നെയായിരുന്നു മുൻതൂക്കം. സൂപ്പർതാരം കിലിയൻ എംബാപ്പെയും മാർകസ് തുറാമും അേൻറാണിയോ ഗ്രീസ്മാനും നയിച്ച ഫ്രഞ്ച് മുന്നേറ്റ നിര ബെൽജിയം ഗോൾ മുഖത്ത് നിരന്തരം ആക്രമണം നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.
10ാം മിനിറ്റിൽ ഗ്രീസ്മാനെ കൂട്ടി എംബാപ്പെ നടത്തിയ നീക്കം അപകടം വിതക്കുമെന്ന് തോന്നിച്ചെങ്കിലും ബെൽജിയം തീർത്ത പ്രതിരോധക്കോട്ടയിൽ തട്ടി മടങ്ങി. അരമണിക്കൂർ പിന്നിട്ടയുടൻ കൂൻഡെ നൽകിയ ക്രോസിൽ തുറാം തലവെച്ചത് ഇഞ്ചുകളുടെ വ്യത്യാസത്തിൽ മുകളിലൂടെ പറന്നു. മറുവശത്തും അവസരങ്ങൾ ചിലത് കണ്ടെങ്കിലും ലക്ഷ്യം അകലെനിന്നു. ഇടവേള കഴിഞ്ഞും ഗോൾനീക്കങ്ങളിൽ കാര്യമായി പുരോഗതി കണ്ടില്ല. ബെൽജിയം ഗോൾമുഖത്ത് നിരന്തരം ഭീതി വിതച്ച് ഫ്രഞ്ച് മുന്നേറ്റം എത്തിയെങ്കിലും മിക്കതും മുകളിലൂടെ ഗാലറിയിലേക്ക് പറന്നു. കളി ഏറെ കുറേ എക്സട്രാ ടൈമിലേക്കെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഫ്രാൻസിന് അവസാന ചിരി സമ്മാനിച്ച് ഫ്രഞ്ച് സ്ട്രൈക്കർ റണ്ടാൽ കോലമൗനിയെത്തയത്. പകരക്കാരനായി കളത്തിലിറങ്ങിയ കോലമൗനി 85ാം മിനിറ്റിലാണ് ‘സൂപ്പർ സബ്ബായി’ മാറി. ബോസിനകത്തെ കൂട്ടപൊരിച്ചിലിനൊടുവിൽ സ്ട്രൈക്കർ കോലമൗനി പോസ്റ്റിലേക്ക് തൊടുത്ത പന്തിൽ ബെൽജിയം ഡിഫൻഡർ വെർട്ടോംഗന്റെ കാലിൽ തട്ടി സ്വന്തം പോസ്റ്റിലേക്ക്. പിന്നീട് കാര്യങ്ങൾ ഫ്രാൻസിന് എളുപ്പമായിരുന്നു. കാര്യമായ ചെറുത്തുനിൽപ്പില്ലാതെ ബെൽജിയം തോൽവി സമ്മതിച്ചു.