നെതർലൻഡ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി; ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ
നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റിൽ പകരക്കാരൻ ഓലി വാക്കിൻസ് നേടിയ ഗോളിലൂടെ ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ. നെതർലൻഡ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ഇംഗ്ലണ്ട് കലാശപ്പോരിന് ടിക്കറ്റെടുത്തത്. ഞായറാഴ്ച ബെർലിനിൽ നടക്കുന്ന ഫൈനലിൽ സ്പെയിനാണ് എതിരാളികൾ.
7-ാം മിനിറ്റിൽ ഇംഗ്ലീഷ് താരം ഡെക്ലാൻ റൈസിൽനിന്ന് പന്തു കൈവശപ്പെടുത്തി മുന്നേറിയ സാവി സിമോൺസ് ബോക്സിന് മുന്നിൽ നിന്നെടുത്ത ലോംഗ് റേഞ്ച് ബുള്ളറ്റ് ഷോട്ട് ഗോൾ കീപ്പർ ജോർദാൻ പിക്ഫോർഡിനെയും കീഴ്പ്പെടുത്തി വലയിൽ. ഗോൾ വീണതോടെ ഇംഗ്ലണ്ട് ഉണർന്നു കളിച്ചു. 18-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഇംഗ്ലണ്ട് മത്സരത്തിൽ ഒപ്പമെത്തി. ഹാരി കെയ്നിന്റെ ഷോട്ട് ബോക്സിനുള്ളിൽ വച്ച് ഡംഫ്രീസ് കാലു കൊണ്ട് തടയാൻ ശ്രമിച്ചതിനാണ് റഫറി ഇംഗ്ലണ്ടിന് അനുകൂലമായി വാർ പരിശോധനയിൽ പെനാൽറ്റി വിധിച്ചത്. ഇതിനിടെ 36-ാം മിനിറ്റിൽ പരിക്കേറ്റ മെംഫിസ് ഡിപേയെ നെതർലൻഡ്സിന് പിൻവലിക്കേണ്ടിവന്നു. പകരം ജോ വീർമനാണ് കളത്തിലെത്തിയത്. രണ്ടാം പകുതിയിലും ഇരുടീമുകളും ആക്രമണ പ്രത്യാക്രമണങ്ങളുമായി മത്സരത്തിൽ കളം നിറഞ്ഞു. എന്നാൽ ഗോളുകൾ പിറന്നില്ല. മത്സരം അധിക സമയത്തേക്ക് കടക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് പകരക്കാരൻ ഓലി വാക്കിൻസ് ഇംഗ്ലീഷ് പടയുടെ രക്ഷകനായത്.