സംവിധായകൻ രഞ്ജിത്തിനെതിരേ ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര
കൊച്ചി : സംവിധായകൻ രഞ്ജിത്തിനെതിരേ ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യമെന്ന ചിത്രത്തിനായുള്ള ഒഡീഷനിടെ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് നടി 24 നോട് വെളിപ്പെടുത്തിയത്. ഫോട്ടോഷൂട്ടിന് ശേഷം രഞ്ജിത്ത് തന്നോട് സംസാരിക്കണമെന്ന് പറഞ്ഞു വിളിച്ചു. തന്റെ കൈയിൽ പിടിച്ചുവെന്നും കഴുത്തിലേക്ക് സ്പര്ശനം നീണ്ടുവെന്നും നടി വെളിപ്പെടുത്തി. പരിധി വിട്ടപ്പോൾ താൻ തടഞ്ഞുവെന്നും ഇറങ്ങി ഓടേണ്ടി വന്നുവെന്നും അവർ പറഞ്ഞു. ഇന്നും ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെന്നും ശ്രീലേഖ മിത്ര കൂട്ടിച്ചേർത്തു.
ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങിയയെന്നും നടി ശ്രീലേഖ മിത്ര വ്യക്തമാക്കി. രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ സത്യമാണെന്ന് സ്ഥിരീകരിച്ച് ഡോക്യുമെന്ററി സംവിധായകൻ ജോഷിയും രംഗത്തുവന്നു കൊച്ചിയിൽ വച്ചാണ് സംഭവം നടന്നതെന്നും സംവിധായകൻ രഞ്ജിത്തിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് എന്നോട് പറഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി. ദുരനുഭം നടി തന്നെ അറിയിച്ചിരുന്നു. അന്നത് വിഷയമാക്കാൻ നടിക്ക് ഭയമായിരുന്നു. പൊലീസിൽ പറയാനും ഭയമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.