ദ്വാപരയുഗ സ്മരണകളുയർത്തി ശ്രീകൃഷ്ണ ജയന്തി; നാടും നഗരവും ജന്മാഷ്ടമി ആഘോഷത്തിലാണ്
കണ്ണൂർ : ദ്വാപരയുഗ സ്മരണകളുയർത്തി ശ്രീകൃഷ്ണ ജയന്തി. നാടും നഗരവും ജന്മാഷ്ടമി ആഘോഷത്തിലാണ്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ ശോഭാ യാത്ര നടന്നു. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപിക മാരുമെല്ലാം ചേർന്ന് ഗ്രാമ നഗരവീഥികളെ അമ്പാടിയാക്കുന്ന കാഴ്ച.വിവിധ തരത്തിലുള്ള നിശ്ചല ദൃശ്യങ്ങൾ, ഭജന സംഘങ്ങൾ എന്നിവ ശോഭായാത്രയ്ക്ക് അകമ്പടിയേകി. മുത്തുക്കുടയേന്തിയ ബാലികാ ബാലന്മാർ ശോഭായാത്രയ്ക്ക് നിറപ്പകിട്ടേകി.ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമായിട്ടാണ് ഇത്തവണത്തെ ശോഭായാത്ര. വയനാട് ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് ശോഭായാത്ര ആരംഭിച്ചത്. കണ്ണൂരിൽ ബാലഗോകുലം നേതൃത്വത്തിൽ വർണ്ണശബളമായ ശോഭായാത്ര നടന്നു. വിളക്കും തറ മൈതാനിയിൽ നിന്നു തുടങ്ങിയ ശോഭായാത്ര കണ്ണൂർ അമൃതാനന്ദമയി മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി ഉദ്ഘാടനം ചെയ്തു.
തൃച്ചംബരം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭായാത്ര ചിറവക്ക് നിന്നും ആരംഭിച്ച് തൃച്ചംബരത്ത് സമാപിച്ചു. മഞ്ഞ ഉടയടകൾ ചുറ്റി നിരവധി വെണ്ണക്കണ്ണമാരും കുഞ്ഞു ഗോപികമാരും അണിനിരന്നു. നിരവധിപ്പേരാണ് ശോഭായാത്ര കാണാനായി എത്തിച്ചേർന്നത്. കടമ്പേരി അയ്യൻകോവിൽ നിന്നും ആരംഭിച്ച ശോഭയാത്ര കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നിശ്ചലദൃശ്യങ്ങളും അകമ്പടിയേകി. കുട്ടാവ് വിവേകാനന്ദ ബാലഗോകുല ത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭയാത്ര പെരുവളത്ത് പറമ്പ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നിന്നും ഗോപികാനൃത്ത ത്തിന്റെ അകമ്പടിയോടെ ആരംഭിച്ച് രശ്മി അംഗൻവാടി റോഡ് വഴി കുട്ടാവ് ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു. ബാലഗോകുലം മുണ്ടേരി, ചെക്കിക്കുളം മണ്ഡലങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ശോഭായാത്ര സംഘടിപ്പിച്ചു. ഡോക്ടർ അമൃത എം.ഡി. പരിപാടി ഉദ്ഘാടനം ചെയ്തു. കൂടാളി ടൗണിൽ നിന്നും ആരംഭിച്ച ശോഭായാത്ര ബീരങ്കി ബസാർ വഴി ചങ്ങലാട്ട് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. വി.വി. ജിതിൻ, പി.കെ.അരവിന്ദാക്ഷൻ, കെ. ശിവദാസൻനേതൃത്വം നൽകി.