ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്ന് നടന് പൃഥ്വിരാജ്
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്ന് നടന് പൃഥ്വിരാജ്. കുറ്റം ചെയ്തെന്നു കണ്ടെത്തിയാല്‍ അതില്‍ ശക്തമായ നടപടി ഉണ്ടാകണം. ഇനി ആരോപണം തെറ്റാണെന്ന് തെളിയിച്ചാല്‍ അതിനും അതേപോലെ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ അന്വേഷിക്കണം. ആരോപണ വിധേയരുടെ പേരു പുറത്തു വിടുന്നതില്‍ നിയമ തടസ്സങ്ങളില്ല. പേര് പുറത്തു വിടുന്നതില്‍ തീരുമാനമെടു ക്കേണ്ടത് താനല്ല. സര്‍ക്കാരാണ്. തന്റെ പേര് ഇതില്‍ ഇല്ലാ എന്ന് പറയുന്നതിലൂടെ തന്റെ ഉത്തരവാദിത്തം തീരുന്നില്ല. പവർ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അത് ഇല്ലാതാകണം, താൻ അത് അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയൻ കഴിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ അമ്മയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഒരു പദവിയില്‍ ഇരിക്കുന്നയാള്‍ക്കെതിരെ ആരോപണം നേരിട്ടാല്‍ അയാള്‍ ആ പദവി ഒഴിയുക തന്നെ വേണം. ഏത് സംഘടനയില്‍ ആയാലും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. എല്ലാ സംഘടനയുടേയും തലപ്പത്ത് സ്ത്രീകള്‍ വേണമെന്നാണ് നിലപാട്. ഇക്കാര്യത്തില്‍ അമ്മ ശക്തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു.