നോവലിസ്റ്റും, സാഹിത്യകാരനുമായ ശ്രീധരൻ ചമ്പാട് അന്തരിച്ചു
കണ്ണൂർ : നോവലിസ്റ്റും, സാഹിത്യകാരനുമായ ശ്രീധരൻ ചമ്പാട് (86) അന്തരിച്ചു. പത്തായക്കുന്നിലെ വസതിയിലായിരുന്നു അന്ത്യം. സർക്കസ് കഥകളിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ശ്രീധരൻ. നോവൽ, ജീവചരിത്രം, ലേഖനങ്ങൾ തുടങ്ങിയവ 20ഓളം പുസ്തകങ്ങളും 100ലധികം കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്രപ്രവർത്തനരംഗത്തും ശ്രീധരൻ ചമ്പാട് പ്രവർത്തിച്ചിരുന്നു. 1937-ൽ തലശ്ശേരിക്കടുത്ത് ചമ്പാട് കുഞ്ഞിക്കണ്ണൻ്റെയും, നാരായണിയുടെയും മകനായി ജനിച്ചു. ചമ്പാട് കുന്നുമ്മൽ എൽ.പി. സ്കൂൾ, കതിരൂർ ഹൈസ്കൂൾ, കോഴിക്കോട് ദേവഗിരി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തി.
കോളജ് വിദ്യാഭ്യാസ മധ്യേ ഒളിച്ചോടി സർക്കസ്സിൽ ചേർന്ന് ഫ്ളൈയിങ്ങ് ട്രപ്പീസ് പരിശീലിച്ച് കലാകാരനായി മാറി. ട്രപ്പീസ് കളിക്കാരൻ, പബ്ലിക് റിലേഷൻ മാനേജർ എന്നീ നിലകളിലായി വിവിധ സർക്കസ് കമ്പനികളിൽ ഇരുപത്തിരണ്ട് വർഷത്തോളം പ്രവർത്തിച്ചു. മേള സിനിമയുടെ കഥ എഴുതി. തമ്പ്, ഭൂമി മലയാളം എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ കുമ്മാട്ടി, ആരവം, അപൂർവ സഹോദരങ്ങൾ, ജോക്കർ, എന്നീ സിനിമകളിൽ ഇദ്ദേഹം സഹായിയായി പ്രവർത്തിച്ചു. അഞ്ചുവർത്തോളം കേരളകൗമുദി ന്യൂസ് സർവീസിൽ ലേഖകനായിരുന്നു. പടയണി വാരികയുടെ ചീഫ് എഡിറ്റർ, പടയണി ന്യൂസ് എഡിറ്റർ, ജഗന്നാഥം മാസിക എഡിറ്റർ എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചു. സർക്കസ് ലോകം എന്ന ഡോക്യുമെൻ്ററി ശ്രീധരൻ തയ്യാറാക്കി. ദൂരദർശനു വേണ്ടി സർക്കസ് എന്ന ഡോക്യുമെൻ്ററിക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.
ജെമിനി സർക്കസിനു വേണ്ടി ഒരു പരസ്യചിത്രവും ഇദ്ദേഹം തയ്യാറാക്കിയിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി, ദേശാഭിമാനി, കുങ്കുമം, മലയാളനാട്, വീക്ഷണം തുടങ്ങിയ മാധ്യമങ്ങളിൽ ആറ് നോവലുകളും, ഒമ്പത് നോവലൈറ്റുകളും, 60ലധികം കഥകളും രചിച്ചു. കുട്ടികൾക്കുവേണ്ടി ശ്രീനാരായണഗുരുവിൻ്റെ ജീവചരിത്രവും രചിച്ചു. 2014ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: വത്സല. മക്കൾ: രോഷ്നി (കൊൽക്കത്ത), റോഷൻ, രോഹിത്, രോഹിന. മരുമക്കൾ: മനോജ് (കൊൽക്ക ത്ത), ഷിജിന, ബിന്ദു. സഹോദ രങ്ങൾ: അംബുജാക്ഷി, പദ്മാ വതി, മീനാക്ഷി, പരേതയായ മാധവി. സംസ്കാരം ഇന്ന് വൈകീട്ട് 5ന് വള്ള്യായി വാതകശ്മശാനത്തിൽ നടക്കും.