അപകടകാരികളായ നായകളെ കൊല്ലാൻ സുപ്രിംകോടതിയുടെ അനുമതി
അപകടകാരികളായ നായകളെ കൊല്ലാൻ സുപ്രിംകോടതിയുടെ അനുമതി.
ഡൽഹി: അപകടകാരികളായ നായകളെ കൊല്ലാൻ സുപ്രിംകോടതിയുടെ അനുമതി. കോടതി നിർദേശങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആറോ ക്രിമിനൽ നടപടിയോ സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചു. നിർദേശങ്ങൾ നടപ്പാക്കിയ കാര്യങ്ങൾ ചീഫ് സെക്രട്ടറിമാർ ആഗസ്ത് 5 നുള്ളിൽ ഹൈക്കോടതികളെ ബോധിപ്പിക്കണം. ഹൈക്കോടതികൾ നവംബർ 17 നുള്ളിൽ സുപ്രിംകോടതിയിൽ വിവരം സമർപ്പിക്കണം.
തെരുവ് നായ ആക്രമണങ്ങൾ തടയുന്നതിൽ ഭരണകൂടങ്ങൾക്ക് വീഴ്ച സംഭവിച്ചതായും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. എബിസി മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് വീഴ്ച പറ്റി. തെരുവ് നായകൾ കൂടുന്നതിന് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുന്നില്ല. തെരുവ് നായകളുടെ ജനന നിയന്ത്രണത്തിനായി എല്ലാ ജില്ലകളിലും മതിയായ സൗകര്യത്തോടെ എബിസി സെൻ്ററുകൾ സ്ഥാപിക്കണമെന്നും ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. നിർദേശം സമയബന്ധിതമായി നടപ്പാക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.എല്ലാ സർക്കാർ ആശുപത്രികളിലും പേ വിഷ ബാധ പ്രതിരോധ വാക്സിൻ ഉണ്ടാകണം. ആശുപത്രികളിൽ നായകടി പ്രതിരോധ സംവിധാനം വേണം. സുപ്രിംകോടതി നിർദേശങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്ന് ഹൈക്കോടതികൾ പരിശോധിക്കണം. ഇതിനായി ഹൈക്കോടതികൾ രണ്ടംഗ ബെഞ്ചിനെ ചുമതലപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്ന തെരുവ്നായകളുടെ ആക്രമണങ്ങൾ ജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
തെരുവ് നായകളെ പൊതുസ്ഥലങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന ഉത്തരവിൽ ഭേദഗതി വരുത്താനും സുപ്രിംകോടതി വിസമ്മതിച്ചു.കൊച്ചുകുട്ടികൾ തെരുവ്നായകളുടെ കടിയേറ്റ് ക്രൂരമായി കൊലചെയ്യപ്പെടുന്നു, പ്രായമായവർ ആക്രമിക്കപ്പെടുന്നു, വിദേശ വിനോദസഞ്ചാരികൾക്ക് വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് നായ്ക്കളുടെ ആക്രമണം നേരിടേണ്ടി വരുന്നു. യാഥാർഥ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും തെരുവു നായകളെ നീക്കം ചെയ്യാൻ 2025നവംബറിൽ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പരിഷ്കരിക്കണമെന്ന ആവശ്യമാണ് മൂന്നംഗ ബെഞ്ച് തള്ളിയത്.