വിദ്യാർത്ഥികളും വ്യവസായികളും കൈകോർക്കുന്നു; ‘സോൾവ് ബ്രിഡ്ജ്’ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമായി
കണ്ണൂർ: വിദ്യാർത്ഥികളുടെ നൂതന ആശയങ്ങളെയും വ്യവസായ മേഖലയിലെ യഥാർത്ഥ ആവശ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനായി ‘സോൾവ് ബ്രിഡ്ജ്’ (Solve Bridge) എന്ന പേരിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമായി. കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ഐഎഎസിന്റെ ആശയത്തിലും നേതൃത്വത്തിലും രൂപംകൊണ്ട ഈ സംരംഭം കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (KSSIA) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച Younovate 2026 – Young Minds, Innovative Ventures പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു.വ്യവസായ സ്ഥാപനങ്ങൾ നേരിടുന്ന വിവിധ സാങ്കേതികവും പ്രവർത്തനപരവുമായ പ്രശ്നങ്ങൾ ഈ പ്ലാറ്റ്ഫോമിലൂടെ ലിസ്റ്റ് ചെയ്യാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് ഈ പ്രശ്നങ്ങൾ പരിചയപ്പെടാനും തങ്ങളുടെ അറിവും നൈപുണ്യവും ഉപയോഗിച്ച് പ്രായോഗിക പരിഹാരങ്ങൾ നിർദേശിക്കാനും അവസരമൊരുക്കുന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത.വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവുകൾ യഥാർത്ഥ വ്യവസായ സാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിനൊപ്പം മികച്ച പരിഹാരങ്ങൾക്കനുസരിച്ച് പ്രതിഫലം നേടാനും ഇതിലൂടെ സാധിക്കും. പഠനത്തോടൊപ്പം പോക്കറ്റ് മണി കണ്ടെത്താനും ക്ലാസ് മുറികളിലെ അറിവിനെ പ്രായോഗിക അനുഭവങ്ങളാക്കി മാറ്റാനും ഈ സംവിധാനം സഹായിക്കും.അതേസമയം, വ്യവസായികൾക്ക് വലിയ സാമ്പത്തിക ചെലവില്ലാതെ തങ്ങളുടെ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ കണ്ടെത്താൻ കഴിയും. പരമ്പരാഗത രീതികളിൽ വലിയ നിക്ഷേപം ആവശ്യമായി വരുന്ന ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് (R&D) ഒരു ബദൽ പിന്തുണാ സംവിധാനമായും ഈ പ്ലാറ്റ്ഫോം പ്രവർത്തിക്കും.വിദ്യാർത്ഥികളുടെ സർഗാത്മകതയും ഗവേഷണ താൽപര്യവും വ്യവസായത്തിന്റെ ആവശ്യങ്ങളുമായി കൂട്ടിയിണക്കുന്നതിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള അകലം കുറയ്ക്കാനും പുതിയ സഹകരണ സാധ്യതകൾ തുറക്കാനും സോൾവ് ബ്രിഡ്ജിലൂടെ സാധിക്കും.പരിപാടിയിൽ KSSIA കണ്ണൂർ ജില്ലാ പ്രസിഡന്റ് സി. അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി. നാരായണൻ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജോസഫ് പൈകട മുഖ്യാതിഥിയായി. ഡോ. യു. ഫൈസൽ മുഖ്യപ്രഭാഷണം നടത്തി