ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു
ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തോടെയാണ് ഛേത്രി കരിയർ അവസാനിപ്പിച്ചത്. ഇരുടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഗോള്‍ വേട്ടയില്‍ ലോകത്തെ മൂന്നാം താരമെന്ന റെക്കോര്‍ഡോടെയാണ് ഛേത്രി കളം വിടുന്നത്. 2026 ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ പോരാട്ടത്തിൽ കുവൈത്തിനെതിരെ ഇന്ത്യക്ക് ഗോൾ രഹിത സമനില നൽകിയാണ് ഛേത്രിയുടെ മടക്കം. കരിയറിലെ 151–ാം രാജ്യാന്തര മത്സരം തോൽവി അറിയാതെ പൂർത്തിയാക്കി ഛേത്രി ഗാലറിയിൽ നിറഞ്ഞ ആരാധകരോടു വിട പറഞ്ഞു. അവസാനമത്സരത്തിന്റെ 90 ആം മിനുട്ട് വരെ ഗ്രൗണ്ടിൽ നിലനിന്നെങ്കിലും ഛേത്രിക്ക് ഗോളടിക്കാൻ സാധിച്ചില്ല.
രാജ്യാന്തര കരിയറിൽ 94 ഗോളുകളും 11 അസിസ്റ്റുകളുമായാണ് ഛേത്രിയുടെ മടക്കം. കാല്പന്തുകളിയിലെ ഇന്ത്യയുടെ അമരക്കാരനായ ഛേത്രി എല്ലാ മത്സരങ്ങളിലും വിമർശനങ്ങളോടൊപ്പം തന്നെ കാണികളുടെ പിന്തുണയും ആരാഞ്ഞു. ‘നിങ്ങൾ സ്റ്റേഡിയത്തിൽ വന്ന് കളി കാണു, എന്നിട്ട് ഞങ്ങളെ വിമർശിക്കൂ’ എന്നുറക്കെ വിളിച്ചു പറഞ്ഞ ആ 39 വയസുകാരന് ഇന്ത്യൻ ഫുട്ബോൾ ലോകം അഭിമാനത്തോടും കണ്ണീരോടും മടക്കയാത്ര ആശംസിച്ചു.