കുപ്പം കപ്പണത്തട്ടിൽ ഇന്നലെയും മണ്ണിടിച്ചിലുണ്ടായതോടെ ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചില്ല
തളിപ്പറമ്പ് : കുപ്പം കപ്പണത്തട്ടിൽ ഇന്നലെയും മണ്ണിടിച്ചിലുണ്ടായതോടെ ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചില്ല. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് മണ്ണിടിഞ്ഞത്. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് വീഴാറായി നിന്നിരുന്ന വൈദ്യുതത്തൂണുകളും കമ്പികളും ഇന്നലെ നിലംപതിച്ചു. നേരത്തേ മണ്ണിടിഞ്ഞ മൺതിട്ടക്ക് താഴെ കോൺക്രീറ്റ് മിശ്രിതം നിറച്ച് അതിന് മുകളിൽ മണൽ ചാക്കുകൾ ഉപയോഗിച്ച് സംരക്ഷണം നൽകുന്ന പ്രവൃത്തി തുടരുകയാണ്. മണ്ണിടിച്ചിൽ തുടരുന്നതിനാൽ ഇതു പൂർത്തിയായാൽ മാത്രമേ ഇതുവഴി വാഹന ഗതാഗതം അനുവദിക്കാൻ സാധിക്കുകയുള്ളൂവെന്ന് റവന്യു അധികൃതർ വ്യക്തമാക്കി. തളിപ്പറമ്പിൽ നിന്ന് ഏഴോം പഴയങ്ങാടി വഴിയും ചുടലയിൽ നിന്ന് മുക്കുന്ന് വഴി കുപ്പത്തേക്കുമാണ് ദിവസങ്ങളായി ദേശീയപാതയിലെ ഗതാഗതം വഴി തിരിച്ച് വിട്ടിരിക്കുന്നത്.