ഭീതി വിതച്ച് സംസ്ഥാനത്ത് അതിതീവ്രമഴ; ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്
ഭീതി വിതച്ച് സംസ്ഥാനത്ത് അതിതീവ്രമഴ. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ടാണ്. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയർന്നതിനാൽ ജാഗ്രത പാലിക്കണം. മരങ്ങൾ കടപുഴകി വീണു വിവിധയിടങ്ങളിൽ അപകടങ്ങളുണ്ടായി. വീടുകൾ തകർന്നു. പലയിടങ്ങളിലും വൈദ്യുതി വിതരണം താറുമാറായി. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. കനത്ത മഴ കണക്കിലെടുത്ത് കാസർഗോഡ്, കണ്ണൂർ, വയനാട്, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. കിളിമാനൂരിൽ വീടിനു മുകളിൽ കൂറ്റൻ മരം കടപുഴകി വീണു. ടെറസിന് മുകളിൽ സ്ഥാപിച്ചിരുന്ന കോഴിക്കൂട് തകർന്ന് അമ്പതിലധികം കോഴികൾ ചത്തു. കൊല്ലത്ത് ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. മണിമലയാർ കരകവിഞ്ഞ് തിരുവല്ല നഗരസഭയിലെ തിരുമൂലപുരം മംഗലശ്ശേരി, ആറ്റുമാലി , പുളിക്കത്ര മാലി എന്നീ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. രാവിലെയോടെയാണ് പ്രദേശങ്ങളിൽ വെള്ളം ഇരച്ചെത്തിയത്. പ്രദേശവാസികളെ തിരുമൂലപുരം സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.