രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവപ്രതിമ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രസന്നിധിയിൽ
തളിപ്പറമ്പ് : രാജ്യത്തു ശിവന്റെ ഏറ്റവും വലുപ്പമുള്ള വെങ്കലപ്രതിമ 5നു വൈകിട്ടു 4നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രമുറ്റത്തു ഗവർണർ രാജേന്ദ്ര ആർലേക്കർ അനാഛാദനം ചെയ്യും. സിനിമാ നിർമാതാവും വ്യവസായിയുമായ മൊട്ടമ്മൽ രാജനാണു പ്രതിമ സമർപ്പിക്കുന്നത്. 14 അടി ഉയരവും 4200 കിലോഗ്രാം ഭാരവുമുള്ള പ്രതിമ രാജ്യത്തെ വെങ്കല ശിവപ്രതിമകളിൽ ഏറ്റവും വലുതാണെന്നു ബന്ധപ്പെട്ടവർ പറഞ്ഞു.
ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പ്രവേശന കവാടത്തിനു സമീപത്താണു പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ശിൽപി ഉണ്ണി കാനായിയാണ് 4 വർഷംകൊണ്ടു പ്രതിമയുടെ നിർമാണം പൂർത്തിയാക്കി യത്. ഒരു കൈ അരയ്ക്കു കൊടുത്ത് വലത് കൈകൊണ്ട് അനുഗ്രഹിക്കുന്ന രീതിയിൽ സൗമ്യഭാവത്തോടെയുള്ള ശിവപ്രതിമയാണ് ഒരുക്കിയത്. ക്ഷേത്രമുറ്റത്തു ശിൽപത്തോടൊപ്പം മനോഹരമായ പൂന്തോട്ടവും അലങ്കാരദീപങ്ങളും ഒരുക്കിയിട്ടുണ്ട്. സുരേഷ് അമ്മാനപ്പാറ, ദിനേശ് കോയിക്ക, ബാലൻ പാച്ചേരി, ടി.പി.സുരേശൻ, എം.വി.ശ്രീകുമാർ, ടി.കെ.അഭിജിത്ത്, എ.അനുരാഗ്, ടി.കെ.അർജുൻ എന്നിവരും ഉണ്ണി കാനായിക്കൊപ്പം ശിൽപ നിർമാണത്തിൽ സഹായികളായി. അനാഛാദന ചടങ്ങിൽ ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാർ അധ്യക്ഷത വഹിക്കും. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നു മൊട്ടമ്മൽ രാജൻ, ശിൽപി ഉണ്ണി കാനായി, കമൽ കുന്നിരാമത്ത്, വിജയ് നീലകണ്ഠൻ എന്നിവർ അറിയിച്ചു.