തമിഴ് സ്വാധീനപ്രദേശങ്ങളിൽ പൊങ്കൽ ആഘോഷത്തിന് തുടക്കമായി; ഇന്ന് തൈപ്പൊങ്കൽ ആഘോഷിക്കും
തമിഴ് സ്വാധീനപ്രദേശങ്ങളിൽ പൊങ്കൽ ആഘോഷത്തിന് തുടക്കമായി. വ്യാഴാഴ്ച തൈപ്പൊങ്കൽ ആഘോഷിക്കും. ജില്ലയിലെ കിഴക്കൻ മേഖലകളായ വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലും പെരുമാട്ടി പഞ്ചായ ത്തിലെ മീനാക്ഷിപുരം എന്നിവിടങ്ങളി ലാണ് കൂടുതലായും പൊങ്കൽ ആഘോഷിക്കുന്നത്. നാല് ദിവസങ്ങളിൽ നടക്കുന്ന പൊങ്കൽ ആഘോഷത്തിന്റ ആദ്യദിനമായ ബുധനാഴ്ച വീടുകളിൽ കാപ്പുകെട്ടൽ ചടങ്ങ് നടന്നു. വീടും കാലിത്തൊഴുത്തും വൃത്തിയാക്കി എരിക്കില, മാവില, കുരുത്തോല എന്നിവ കൊണ്ട് കാപ്പുകെട്ടി കോലമിട്ട് ലക്ഷ്മിദേവിയെ വരവേൽക്കുന്നതാണ് ചടങ്ങ്. പൊങ്കൽ ഉത്സവത്തിലെ ആകർഷകമായ തൈപ്പൊങ്കൽ വ്യാഴാഴ്ചയാണ്. ചിറ്റൂർ ഗവ. കോളേജിലും തത്തമംഗലം ജിബിയുപി സ്കൂളിലും, പാലക്കാട് വിക്ടോറിയ കോളേജിലും ബുധനാഴ്ച പൊങ്കൽ ആഘോഷിച്ചു. ചിറ്റൂര്‍ കോളേജിൽ തമിഴ് വിഭാഗത്തിൽ നടന്ന പൊങ്കൽ ആഘോഷത്തിൽ വിദ്യാർഥികളും അധ്യാപകരും ചേര്‍ന്ന് മധുരപ്പൊങ്കാല ഉണ്ടാക്കി കോളേജിലെ കുട്ടികള്‍ക്ക് നല്കി. കുട്ടികളുടെ രംഗോലി, പഞ്ചഗുസ്തി, മ്യൂസിക്കല്‍ ചെയര്‍, ഉറിയടി എന്നീ പരിപാടികളും നടന്നു. പ്രിന്‍സിപ്പല്‍ ഡോ. ടി റെജി ഉദ്ഘാടനം ചെയ്തു. തമിഴ് വിഭാഗം മേധാവി ഡോ. പി മുരുകന് അധ്യക്ഷനായി. ഡോ. വി രവി, ഡോ. ഉമാമഹേശ്വരി എന്നിവര്‍ സംസാരിച്ചു. തത്തമംഗലം ജിബി യുപി സ്കൂളിൽ മാവിലയും കുരുത്തോലയും കെട്ടി പന്തലുണ്ടാക്കി പൊങ്കൽവച്ചു. മധുര വിതരണവും കുട്ടികളുടെ കലാപരിപാടികളും കായിക മത്സരങ്ങളും നടന്നു.