തളിപ്പറമ്പിൽ 5 വർഷത്തെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി ‘CHANGE’ ന് തുടക്കമായി; ലോഗോ പ്രകാശനം നിർവഹിച്ചു
തിരുവനന്തപുരം: തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ ആവിഷ്കരിക്കുന്ന അഞ്ചു വർഷത്തെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ‘CHANGE’ (ചേഞ്ച്) ന്റെ ലോഗോ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ എൻ. ഷംസുദ്ദീൻ തിരുവനന്തപുരത്ത് വെച്ച് നിർവഹിച്ചു. തളിപ്പറമ്പ് എം.എൽ.എ ശ്രീ ടി. കെ. ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ബൃഹത്തായ ഈ പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റവും കുട്ടികളുടെ സർവ്വതോമുഖമായ പുരോഗതിയും ലക്ഷ്യമിട്ടാണ് ‘CHANGE’ എന്ന് പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികളുടെ സമഗ്രമായ അക്കാദമിക വളർച്ചയെയും വ്യക്തിത്വ വികസനത്തെയും സൂചിപ്പിക്കുന്നതാണ് പദ്ധതിയുടെ ലോഗോ: C – Comprehensive (സമഗ്രമായ കാഴ്ചപ്പാട്) H – Holistic (സർവ്വതോമുഖമായ വികസനം) A – Academic (മികച്ച അക്കാദമിക നിലവാരം) N – Nurturing (കഴിവുകളെ വളർത്തിയെടുക്കൽ) G – Growth (വ്യക്തിഗതവും സാമൂഹികവുമായ വളർച്ച) E – Empowerment (വിദ്യാർത്ഥി ശാക്തീകരണം)
തുറന്ന പുസ്തകത്തിൽ നിന്ന് ചിറകടിച്ചുയരുന്ന വിവിധ വർണ്ണങ്ങളിലുള്ള മനുഷ്യരൂപങ്ങളാണ് ലോഗോയുടെ പ്രധാന ആശയം. അറിവിലൂടെയും അക്കാദമിക അടിത്തറയിലൂടെയും വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ഉയർന്ന ലക്ഷ്യങ്ങളിലേക്ക് വളരുന്നതിനെയും ശാക്തീകരിക്കപ്പെടുന്നതിനെയും ഇത് പ്രതീകാത്മകമായി അടയാളപ്പെടുത്തുന്നു. പ്രൈമറി തലം മുതൽ ബിരുദ തലം വരെയുള്ള വിദ്യാർത്ഥികൾക്ക് ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രൈമറി തലം: ഇംഗ്ലീഷ് ഭാഷാ-ആശയവിനിമയ ശേഷി വർദ്ധിപ്പിക്കൽ.
ഹൈസ്കൂൾ തലം: എ.ഐ (Artificial Intelligence), റോബോട്ടിക്സ് തുടങ്ങിയ നൂതന മേഖലകളിൽ സ്കിൽ ഡെവലപ്മെന്റ്.
ഹയർ സെക്കൻഡറി തലം: തൊഴിലധിഷ്ഠിത പരിശീലനങ്ങൾ.
ബിരുദ തലം: അഖിലേന്ത്യാ മത്സരപരീക്ഷകൾക്ക് പ്രാപ്തരാക്കുന്ന പരിശീലന പരിപാടികൾ (ഇവ വരുന്ന ശനിയാഴ്ച ആരംഭിക്കും).
ലോഗോ പ്രകാശന ചടങ്ങിൽ എം.എൽ.എ ടി. കെ. ഗോവിന്ദൻ മാസ്റ്റർ, പദ്ധതി കൺവീനർ കെ. വി. ടി. മുസ്തഫ മാസ്റ്റർ, തളിപ്പറമ്പ് ബി.പി.സി പ്രേംജി മാസ്റ്റർ, പി. വി. സജീവൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉടൻതന്നെ തളിപ്പറമ്പിൽ വെച്ച് നടക്കും.