രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി സുപ്രീംകോടതി.
ദില്ലി: ഇന്ത്യാസഖ്യ മാർച്ചിനിടെ കോടതി വളപ്പിൽ പെരുമാറിയ രീതിയിൽ രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി സുപ്രീംകോടതി. ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റിൽ കെപിസിസിക്കും സുപ്രീംകോടതി നോട്ടീസയച്ചു. ആർക്കും കോടതിയെ ഭീഷണിപ്പെടുത്താനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആഞ്ഞടിച്ചു. ഇന്ത്യാ സഖ്യം നൽകിയ ഹർജിയിൽ ഗ്യാനേഷ് കുമാറിനും കേന്ദ്ര സർക്കാരിനും കോടതി നോട്ടീസ് അയച്ചു. വനിത മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമ കേസുകളിൽ വനിത ജഡ്ജി ഉൾപ്പെട്ട അന്വേഷണ സമിതി രൂപീകരിക്കും എന്ന സൂചനയും കോടതി നൽകി.ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധി ഉൾപ്പെട പതിനൊപ്പ പ്രതിപക്ഷ നേതാക്കൾ നൽകിയതടക്കം നിരവധി ഹർജികളാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിച്ചത്. പ്രതിപക്ഷ നേതാക്കളുടെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ഗ്യാനേഷ് കുമാറിനും നോട്ടീസ് അയച്ച കോടതി ഇത് സമാന കേസുകൾക്കൊപ്പം കേൾക്കാം എന്നറിയിച്ചു. എന്നാൽ അടുത്ത് കേസ് പരിഗണിക്കുമ്പോൾ ഹർജിക്കാരിലൊരാളുടെ പെരുമാറ്റത്തെക്കുറിച്ച് വിശദീകരണം ആദ്യം കിട്ടണം എന്ന് ചീഫ് ജസ്റ്റിസ് കർശന നിലപാടെടുത്തു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുപ്രീംകോടതി രജിസ്ട്രിയിലേക്ക് പ്രതിഷേധക്കാർ കയറിയതിലാണ് ഈ അതൃപ്തി ചീഫ് ജസ്റ്റിസ് അറിയിച്ചത്.രജിസ്ട്രിയിലെ സംഭവങ്ങളിൽ രാഹുൽ ഗാന്ധി അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. വനിത മാധ്യമപ്രവർത്തകയെ രാഹുൽ പിടിച്ചു തള്ളിയെന്ന പരാതി പരിശോധിക്കാമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസിനെതിരായ കോൺഗ്രസ് കേരള ഘടകത്തിൻറെ ട്വീറ്റ് ചൂണ്ടിക്കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജിയിലും നോട്ടീസുണ്ട്. ചില്ലുമേടയിൽ അല്ല ഇരിക്കുന്നതെന്നും പുറത്ത് എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ആർക്കും കോടതിയെ ഭീഷണിപ്പെടുത്താനാകില്ലെന്നും രണ്ടംഗ ബഞ്ച് ആഞ്ഞടിച്ചു.