തളിപ്പറമ്പ് ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറിയായി സാബൂ ജോണിനെ തിരഞ്ഞെടുത്തു
തളിപ്പറമ്പ്: തളിപ്പറമ്പ് ചേംബർ ഓഫ് കൊമേഴ്സിന്റെ പുതിയ സെക്രട്ടറിയായി ബാംബൂ ഫ്രഷ് റെസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടർ സാബൂ ജോണിനെ തിരഞ്ഞെടുത്തു. നിലവിൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഫിറോസ് ഹാജിയുടെ അകാല വിയോഗത്തെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് സാബൂ ജോണിനെ തിരഞ്ഞെടുത്തത്.തളിപ്പറമ്പ് എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന TIECON 27 (Taliparamba Investment, Innovation & Entrepreneurship Conclave) പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കാനും പരിപാടിയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകാനും ചേംബർ ഓഫ് കൊമേഴ്സ് യോഗം തീരുമാനിച്ചു.
IECON 27-ന്റെ ഭാഗമായി തളിപ്പറമ്പിന്റെ സമഗ്ര വികസന സാധ്യതകൾ, നിക്ഷേപ അവസരങ്ങൾ, ഭൂവികസനം, വ്യാപാര-വ്യവസായ മേഖല, കെട്ടിട നിർമാണം, ടൂറിസം, ആരോഗ്യരംഗം, കൃഷി തുടങ്ങിയ വിവിധ മേഖലകളിലെ സാധ്യതകൾ യോഗം വിശദമായി ചർച്ച ചെയ്തു.പുതിയ സംരംഭങ്ങളും നിക്ഷേപങ്ങളും തളിപ്പറമ്പിലേക്ക് ആകർഷിക്കുന്നതിനും പ്രാദേശിക സംരംഭകർക്ക് കൂടുതൽ തൊഴിലവസരങ്ങളും ബിസിനസ് സാധ്യതകളും സൃഷ്ടിക്കുന്നതിനും TIECON 27 പ്രയോജനപ്പെടുത്താനാകുമെന്ന് യോഗം വിലയിരുത്തി.ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി മിൻഹാജ് JR സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കെ.പി. രവീന്ദ്രൻ വിഷയാവതരണം നടത്തി.നിസാർ നബ്രാസ്, അഷ്റഫ് ഗ്രാൻഡ് തേജസ്, അബൂബക്കർ മണ്ണാട്ടി, സാബൂ ജോൺ, മുഹമ്മദ് മദനി (ഷോപ്പിക്സ്), എസ്.പി. അബ്ദുള്ള, സഹീർ പാലക്കോടൻ, ശ്രീജിത്ത് ശ്രവണ, മോഹന ചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സാബൂ ജോൺ നന്ദി പറഞ്ഞു.തളിപ്പറമ്പിന്റെ സാമ്പത്തികവും വാണിജ്യപരവുമായ വളർച്ച ലക്ഷ്യമിട്ട് വിവിധ മേഖലകളിലെ സംരംഭകരെയും നിക്ഷേപകരെയും ഒരുമിപ്പിക്കുന്നതിനും നാടിന്റെ വികസനത്തിനായി കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.