മെഡിക്കൽ കോളജ് ലിഫ്റ്റിൽ രോഗി കുടുങ്ങി കിടന്നത് രണ്ടുദിവസം; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളജിൽ
തിരുവനന്തപുരം : മെഡിക്കൽ കോളജ് ലിഫ്റ്റിൽ രോഗി കുടുങ്ങി കിടന്നത് രണ്ടുദിവസം. ചികിത്സക്കായി എത്തിയ രവീന്ദ്രൻ നായരാണ് ലിഫ്റ്റ് പ്രവർത്തന രഹിതമായതിനെ തുടർന്ന് ലിഫ്റ്റിൽ അകപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ഡോക്ടറെ കാണാൻ ഒന്നാം നിലയിലേക്ക് കയറിയ ഉടനാണ് ലിഫ്റ്റ് നിലച്ചത്. തിങ്കളാഴ്ച രാവിലെ ആറുമണിക്കാണ് രവീന്ദ്രൻ നായരെ കുടുങ്ങിയ നിലയിൽ കണ്ടെത്തുന്നത്. രണ്ടുരാത്രിയും ഒരു പകലുമാണ് അദ്ദേഹം ലിഫ്റ്റിനുള്ളിൽ കഴിച്ചുകൂട്ടിയത്. ലിഫ്റ്റിലുണ്ടായിരുന്ന അലാം സ്വിച്ച് നിരവധി തവണ അമർത്തിയെങ്കിലും ആരും വന്നില്ലെന്നും ലിഫ്റ്റിലുണ്ടായിരുന്ന ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുത്തില്ലെന്നും അദ്ദേഹം പറയുന്നു. കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ നിലത്തു വീണ് പൊട്ടിയതിനാൽ ആരെയും ബന്ധപ്പെടാൻ അദ്ദേഹത്തിന് സാധിച്ചില്ല.
രവീന്ദ്രനെ ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. രക്തസമ്മർദം സംബന്ധിച്ച ബുദ്ധിമുട്ടുകളല്ലാതെ അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. അതേസമയം രവീന്ദ്രൻ നായരെ കാണാതായതോടെ കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. ലിഫ്റ്റിന് മുന്നേ തകരാർ ഉണ്ടായിരുന്നുവെന്നാണു ഓപ്പറേറ്റർ പറയുന്നത്. എന്നാൽ തകരാറിലുള്ള ലിഫ്റ്റിന് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ലെന്നും നിയമനടപടിയുമായി മൂന്നോട്ടുപോകുമെന്നും രവീന്ദ്രൻ നായരുടെ കുടംബം പറഞ്ഞു.