തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ഇ-ആധാര്‍ വെരിഫിക്കേഷന് നിര്‍ബന്ധം
ന്യൂഡൽഹി : തത്കാൽ വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആധാർ നമ്പറും ലോഗിൻ ഐഡിയും ലിങ്ക് ചെയ്യുന്നത് നിർബന്ധമാക്കുമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അറിയിച്ചു. ഒരേസമയം ഒന്നിലധികം തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് തടയാൻ വേണ്ടിയാണ് ഈ നീക്കമെന്നാണ് ഐആർസിടിസി പറയുന്നത്. എന്നാൽ ഇത് ഉപയോക്താ ക്കളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കളുടെ ആധാർ അടിസ്ഥാന മാക്കി ഐഡന്റിറ്റി സ്ഥിരീകരിക്കണം നിർബന്ധമാകും. നേരിട്ടുള്ള റിസർവേഷൻ ബുക്കിങ്ങുകൾക്കും (കൗണ്ടർ) ഐആർസിടിസിയിൽ ഓൺലൈനായി നടത്തുന്ന റിസർവേഷനുകൾക്കും ഇത് ബാധകമാണ്. റെയിൽവേയുടെ ആഭ്യന്തര ഓഡിറ്റിൽ വ്യാപകമായ ദുരുപയോഗം കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നിയന്ത്രണമെന്നാണ് ഐആർസിടിസി പറയുന്നത്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ടിക്കറ്റ് ബുക്കിങ്ങുകൾക്ക് ആധാർ പരിശോധന നടപ്പിലാക്കുന്നതിന് റെയിൽവേ മന്ത്രാലയം സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ ഈ തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചു