വിജയിയുടെ റാലിക്കിടെ ഉണ്ടായത് വൻ ദുരന്തം; 38 പേർ മരിച്ചു, മരിച്ചവരിൽ 16 സ്ത്രീകളും 8 കുട്ടികളും
തമിഴ്നാട് കരൂരിൽ തമിഴക വെട്രിക് കഴകം നേതാവ് വിജയിയുടെ റാലിക്കിടെ ഉണ്ടായത് വൻ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ചു. മരിച്ചവരിൽ 16 സ്ത്രീകളും 8 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. കരൂർ വേലുച്ചാമിപുരത്താ ണ് അപകടം നടന്നത്. സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ പൊലീസ് കേസെടുക്കും. സംഘാടകർ ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഉച്ചയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരിപാടി ഏറെ വൈകിയാണ് തുടങ്ങിയത്. ആൾക്കൂട്ടം അനിയന്ത്രിതമായി എത്തിയപ്പോൾ, നിയന്ത്രിക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല. പ്രസംഗം പകുതിയിൽ നിർത്തിയെങ്കിലും, അപ്പോഴേക്കും സ്ഥിഗതികൾ കൈവിട്ടുപോവുകയായിരുന്നു. ടിവികെ നേതാക്കൾ മുന്നറിയിപ്പ് അവഗണിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം പൊലീസിന്റേയും സർക്കാരിന്റേയും വീഴ്ചയെന്ന് ബിജെപി നേതാവ് കെ അണ്ണാമലൈ ആരോപിച്ചു.
സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടു ണ്ട്. തമിഴ്നാട് ഹൈക്കോടതി മുൻ ജഡ്ജി അരുണ ജഗതീശൻ അന്വേഷിക്കും. അപകടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സർക്കാരിനോട് റിപ്പോർട്ട് തേടി. മരിച്ചവരുടെ കുടുംബത്തി ന് അടിയന്തര ധനസഹായമായി പത്ത് ലക്ഷം രൂപയും പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ ധനസഹായമായി ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു. നിരവധി പേരാണ് പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.