ടി20 ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ മത്സരം ഇന്ന് രാത്രി ഏഴിന് ഗ്വാളിയോറില്‍ തുടക്കമാകും
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 പരമ്ബരയിലെ ആദ്യ മത്സരത്തിന് ഇന്ന് രാത്രി ഏഴിന് ഗ്വാളിയോറില്‍ തുടക്കമാകും. ടെസ്റ്റ് പരമ്ബര തൂത്ത് വാരിയതിന് ശേഷമുള്ള ടി 20 പരമ്ബരയും തൂത്ത് വരാനാണ് സൂര്യകുമാർ യാദവിന് കീഴിലുള്ള ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത്. പരമ്ബരയിലെ ഒന്നാം വിക്കറ്റ് കീപ്പറായ സഞ്ജു സാംസണ് ഓപണറായെത്തുമെന്ന സൂചന പരിശീലകൻ ഗൗതം ഗംഭീറും നായകൻ സൂര്യകുമാർ യാദവും ഇതിനകം നല്‍കിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച 15 അംഗ ടീമില്‍ സ്പെഷലിസ്റ്റ് ഓപണറായി അഭിഷേക് ശർമയെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അഭിഷേക് ശർമയെ പിന്തുണയ്ക്കാൻ മറ്റൊരു താരവും ഇല്ലാത്തതിനാലാണ് ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിന് വേണ്ടി ഓപണിങ്ങില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച സഞ്ജു സാംസണെ പരിഗണിക്കുന്നത്.
ശ്രീലങ്കയ്ക്കെതിരെയായ ടി 20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഓപണറായും രണ്ടാം മത്സരത്തില്‍ മൂന്നാമനായും എത്തിയ സഞ്ജുവിന് പക്ഷെ അക്കൗണ്ട് തുറക്കാനായിരുന്നില്ല. ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച് ഗംഭീര തിരിച്ചുവരവ് നടത്താനാണ് മലയാളി താരത്തിന്റെ ശ്രമം. ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്ബര തൂത്തുവാരിയ സൂര്യയും സംഘവും നേട്ടം ആവർത്തിക്കാനുള്ള ശ്രമത്തിലാണ്. ടെസ്റ്റ് പരമ്ബര കൈവിട്ടതിന്റെ നാണക്കേട് മറികടക്കാനാണ് നജ്മുല്‍ ഹുസൈന് കീഴിലുള്ള ബംഗ്ലാദേശ് ഇറങ്ങുന്നത്. ടെസ്റ്റ് മത്സരങ്ങള്‍ക്ക് പിന്നാലെ സീനിയർ താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചതിനാല്‍ ഒരുപിടി യുവ താരങ്ങളുമായാണ് സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ നിര ഗ്വാളിയോറില്‍ ഇറങ്ങുന്നത്. വെടിക്കെട്ട് ബാറ്റർമാരായ അഭിഷേക് ശർമ, റിങ്കു സിങ്, ഹർദിക് പാണ്ഡ്യ എന്നിവർക്കൊപ്പം റിയാൻ പരാഗും വാഷിങ്ടണ്‍ സുന്ദറും അണിനിരയ്ക്കുന്നത്. മൂന്ന് താരങ്ങള്‍ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ഒരുങ്ങുന്നുവെന്ന പ്രത്യേകതയും പരമ്ബരയ്ക്കുണ്ട്. ഓള് റൗണ്ടർ നിതീഷ് കുമാർ, പേസർമാരായ മായങ്ക് യാദവ്, ഹർഷിത് റാണയുമാണ് അവസരം കാത്തിരിക്കുന്നത്.