ട്വന്റി 20 ലോകകപ്പ് ഫൈനല്‍ ഇന്ന്; ഇന്ത്യയും ദക്ഷിണാഫ്രിക്കയും ബാര്‍ബഡോസില്‍ നേര്‍ക്കുനേര്‍
ട്വന്റി 20 കിരീടധാരണത്തിനൊരുങ്ങി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന് ബാര്‍ബഡോസില്‍ നേര്‍ക്കുനേര്‍. ദക്ഷിണാഫ്രിക്ക ആദ്യ കിരീടപ്പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ പത്തുവര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ട്വന്റി 20 ലോകകപ്പിന് ഇത്രത്തോളം അടുത്തെത്തുന്നത്. കെന്‍സിങ്ടണ്‍ ഓവലില്‍ രാത്രി എട്ടുമണിക്കാണ് മല്‍സരം.
രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ സംഘം, പ്രാഥമിക റൗണ്ടിലും സൂപ്പർ എട്ടിലും മൂന്നുവീതം കളികളും സെമിയും ജയിച്ചു. ഒരുമത്സരം മഴമൂലം ഉപേക്ഷിച്ചു. പ്രാഥമിക റൗണ്ടിൽ പാകിസ്താനെയും സൂപ്പർ എട്ടിൽ ഓസ്ട്രേലിയയെയും വ്യാഴാഴ്ചനടന്ന സെമിയിൽ, നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെയും തോൽപ്പിച്ച് അപാര ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്. തുടർച്ചയായ എട്ടുമത്സരങ്ങൾ ജയിച്ചുവരുന്ന ദക്ഷിണാഫ്രിക്ക ഇതിനിടെ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്താൻ തുടങ്ങിയ ടീമുകളെ കീഴടക്കി.