ടി 20 വേൾഡ് കപ്പ്; ഹാട്രിക് വിജയത്തോടെ ഇന്ത്യ സൂപ്പർ എയ്റ്റില്‍
ന്യൂയോർക്ക് : ട്വന്റി 20 ലോകകപ്പില്‍ ഹാട്രിക് വിജയത്തോടെ ഇന്ത്യ സൂപ്പർ എയ്റ്റില്‍. അമേരിക്കയ്ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ സൂപ്പർ എയ്റ്റിലേക്ക് യോഗ്യത നേടിയത്. അമേരിക്ക ഉയർത്തിയ 111 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ശേഷം സൂപ്പർ എയ്റ്റിലേക്ക് കടക്കുന്ന മൂന്നാമത്തെ ടീമാണ് ഇന്ത്യ.
ആദ്യം ബാറ്റുചെയ്ത അമേരിക്കയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് നേടാനായത്. നാല് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് അമേരിക്കയുടെ നട്ടെല്ലൊടിച്ചത്. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ടും അക്സര്‍ പട്ടേല്‍ ഒന്നും വീതം വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ മോശം തുടക്കമായിരുന്നു ഇന്ത്യയ്ക്കും ലഭിച്ചത്. സ്കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് മാത്രം തെളിഞ്ഞപ്പോള്‍ ഇന്ത്യയ്ക്ക് രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും (3) പുറത്തായതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. ഇരുവരെയും പുറത്താക്കി സൗരഭ് നേത്രവല്‍ക്കറാണ് നീലപ്പടയ്ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചത്.