ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരെ ആറു റൺസിന്റെ അവിശ്വസനീയ ജയം സ്വന്തമാക്കി ഇന്ത്യ
ന്യൂയോർക് : ഇന്ത്യയുടെ കൈയിൽനിന്ന് പോയെന്ന് ഏവരും ഉറപ്പിച്ച മത്സരം തിരിച്ചുപിടിച്ച് ബൗളർമാർ. ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരെ ആറു റൺസിന്റെ അവിശ്വസനീയ ജയം സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറിൽ 119 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ പാകിസ്താന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുക്കാനെ കഴിഞ്ഞുള്ളു. നാലു ഓവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഓപ്പണർ മുഹമ്മദ് റിസ് വാനാണ് പാകിസ്താന്റെ ടോപ് സ്കോറർ. 44 പന്തിൽ 31 റൺസെടുത്താണ് താരം പുറത്തായത്. പാകിസ്താൻ അനായാസം ലക്ഷ്യം നേടുമെന്ന കരുതിയ മത്സരമാണ് അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ എറിഞ്ഞുപിടിച്ചത്. അവസാന ഓവറിൽ പാകിസ്താന് ജയിക്കാൻ 18 റൺസാണ് വേണ്ടിയിരുന്നത്. പന്തെറിയാനെത്തിയത് അർഷ് ദീപും. ആദ്യ പന്തിൽ തന്നെ 23 പന്തിൽ 15 റൺസെടുത്ത ഇമാദ് വാസിമിനെ താരം മടക്കി. രണ്ടാം പന്തിലും മൂന്നാം പന്തിലും ഓരോ സിംഗ്ൾ. നാലാം പന്തിൽ നസീം ഷാ ബൗണ്ടറി നേടി. രണ്ടു പന്തിൽ ജയിക്കാൻ 12 റൺസ്. അഞ്ചാം പന്തിൽ വീണ്ടും ബൗണ്ടറി. ഇതോടെ ഒരു പന്തിൽ വിജയലക്ഷ്യം എട്ട് റൺസായി. അവസാന പന്തിൽ സിംഗ്ൾ മാത്രമാണ് നേടാനായത്.