Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
ന്യൂയോര്‍ക്ക് : അടങ്ങാത്ത വിജയദാഹവുമായി ഇന്ത്യ, മുറിവേറ്റ മനസ്സുമായി പാകിസ്താന്. ലോകക്രിക്കറ്റിലെ ഹെവിവെയ്റ്റ് പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങി. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യ-പാകിസ്താന് മത്സരം ഞായറാഴ്ച രാത്രി എട്ടുമുതല്‍ ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്റ്റഡിയത്തില്‍.
സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത ഇന്ത്യ, ലോകകപ്പിലെ ആദ്യമത്സരത്തില്‍ അയര്‍ലന്‍ഡിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ചു. ടീമിലെ എല്ലാ കളിക്കാരും രണ്ടുമാസത്തോളം തുടര്‍ച്ചയായി ഐ.പി.എല്‍. കളിച്ചശേഷമാണ് ലോകകപ്പിനിറങ്ങുന്നത്. അതുകൊണ്ടുതന്നെ മത്സരപരിചയത്തിന്റെ കുറവില്ല. അയര്‍ലന്‍ഡിനെതിരേ ഇന്ത്യന്‍ ടീം പരീക്ഷണാത്മകമായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഓപ്പണ്‍ചെയ്തപ്പോള്‍ ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നിങ്ങനെയായിരുന്നു ബാറ്റിങ് ഓര്‍ഡര്‍. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നതോടെ നാല് ഓള്‍റൗണ്ടര്‍മാരായി. ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക്, ദുബെ എന്നിവരും ചേര്‍ന്നതോടെ അഞ്ചു പേസര്‍മാരെയും ലഭിച്ചു. വണ്‍ഡൗണായി ഋഷഭ് പന്തും മൂന്നുവിക്കറ്റുമായി ഹാര്‍ദിക്കും തിളങ്ങിയത് ഇന്ത്യക്ക് ആശ്വാസംനല്‍കുന്നു. ഞായറാഴ്ച ഇന്ത്യ സ്പെഷലിസ്റ്റ് സ്പിന്നറെ ഇറക്കാന്‍ സാധ്യതയുണ്ട്. കുല്‍ദീപ് യാദവിനാകും മുന്‍ഗണന. അങ്ങനെയെങ്കില്‍ അക്സര്‍ പട്ടേല്‍/രവീന്ദ്ര ജഡേജ, ശിവം ദുബെ എന്നിവരിലൊരാള്‍ ഇലവനിലുണ്ടാകില്ല.