കേരളം ബജറ്റിൽ സ്വപ്നം കണ്ടതെല്ലാം പാഴായി; പ്രത്യേക പദ്ധതികളോ പാക്കേജുകളോ ഇല്ല
തിരുവനന്തപുരം : എയിംസും 24,000 കോടിയുടെ സാമ്പത്തിക പാക്കേജുമടക്കം കേരളം ബജറ്റിൽ സ്വപ്നം കണ്ടതെല്ലാം പാഴായി. കേരളത്തിന് പ്രത്യേക പദ്ധതികളോ പാക്കേജുകളോ ഇല്ലാതെയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം. സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ ഉതകുന്ന പദ്ധതികൾ ലഭിക്കുമെന്ന സംസ്ഥാനത്തിന്റെ പ്രതീക്ഷകൾ വെറുതെയായി. വിഴിഞ്ഞം തുറമുഖം അനുബന്ധ വികസനത്തിന് 5000 കോടി അടക്കം വലിയ സാമ്പത്തിക ശിപാർശയാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി നൽകിയിരുന്നത്. രണ്ടു കേന്ദ്രമന്ത്രിമാരുള്ള കേരളം ഇത്തവണ എയിംസും പ്രതീക്ഷിച്ചിരുന്നു. ജി.എസ്.ടിയിലെ കേന്ദ്ര-സംസ്ഥാന നികുതി പങ്കുവെക്കൽ അനുപാതം 60:40 എന്നത് 50:50 ആയി പുനർനിർണയിക്കൽ, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 60ൽ നിന്ന് 75 ശതമാനമാക്കൽ, കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിലും മാനദണ്ഡ രൂപവത്കരണത്തിലും സംസ്ഥാനങ്ങൾക്ക് അധികാരം ഉറപ്പാക്കൽ എന്നിവയും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
തലശ്ശേരി -മൈസൂരു, നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതകൾ, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമാണത്തിനുള്ള ധനസഹായം എന്നിവയും കേരളം കാത്തിരുന്ന പ്രഖ്യാപനങ്ങളാണ്. ഇവയും കേന്ദ്ര ധനമന്ത്രി പരാമർശിച്ചില്ല. അതിവേഗ ട്രെയിൻ പദ്ധതിയുമില്ല. രണ്ട് പ്രളയത്തെ നേരിട്ട കേരളത്തെ പ്രകൃതി ദുരന്തത്തെ നേരിടാനുള്ള സഹായത്തിനും പരിഗണിച്ചില്ല. അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് പ്രകൃതി ദുരന്തത്തെ നേരിടാന്‍ പ്രത്യേക സഹായം അനുവദിച്ചിരിക്കുന്നത്.