പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ ടിഐ മധുസൂദനൻ ഹൈക്കോടതിയിൽ
കൊച്ചി: പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ ടിഐ മധുസൂദനൻ ഹൈക്കോടതിയിൽ. പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വ്യാജ പ്രചാരണം നടത്തിയാണ് തന്നെ തോൽപ്പിച്ചതെന്നും ടിഐ മധുസൂദനൻ ഹൈക്കോടതിയെ അറിയിച്ചു. തുടര്ന്ന് വി കുഞ്ഞികൃഷ്ണന് ഹൈക്കോടതി നോട്ടീസ് നൽകി.വി കുഞ്ഞികൃഷ്ണൻ രക്ഷസാക്ഷി ഫണ്ട് കള്ളൻ എന്ന തരത്തിൽ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാണ് ടിഐ മധുസൂദനൻ ആരോപിക്കുന്നത്. എന്നാൽ, ആരോപണത്തിന് രേഖകളോ തെളിവോ ഇല്ലെന്നും മധുസൂദനൻ പറയുന്നു. പ്രചാരണത്തിലെ പ്രസംഗങ്ങളിൽ കളങ്കിതനാണ് താൻ എന്ന് വരുത്തി തീർത്തു. വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രചാരണമെന്നും ഹർജിയിൽ പറയുന്നു. അതേസമയം, മധുസൂദനന്റെ ഹർജിയിൽ അപാകതകളുണ്ടെന്നാണ് കണ്ടെത്തൽ. ഹർജി നിലനിൽക്കുമോ എന്ന് ആദ്യം കോടതി പരിശോധിക്കും. സംഭവത്തിൽ വി കുഞ്ഞികൃഷ്ണന് ഹൈക്കോടതി നോട്ടീസ് നൽകി.