സിപിഐഎം നേതാവ് വി വിനോദ് അന്തരിച്ചു
പഴയങ്ങാടി:സിപിഐഎം മാടായി ഏരിയ സെക്രട്ടറി വി വിനോദ് അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് (14.06.2026) രാവിലെ 5 മണിക്കായിരുന്നു അന്ത്യം. രാവിലെ ഒമ്പതിന് ചെറുകുന്ന് മിഷൻ ആശുപത്രിയിൽ നിന്ന് പാർട്ടി പതാക പുതപ്പി കും.ശേഷം എരിപുരത്ത് സിപിഐ എം മാടായി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടു പോകും.10 മണി വരെ എ സി ഓഫീസിൽ പൊതുദർശനം. പിന്നീട് വീട്ടിൽ പൊതുദർശനം. സംസ്കാരം വൈകിട്ട് അഞ്ചിന് അടുത്തില ശ്മശാനത്തിൽ.
ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം, ബാലസംഘം ജില്ലാ രക്ഷാധികാരി സെക്രട്ടറി, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (CITU)ജില്ലാ പ്രസിഡണ്ട് ,സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. വിദ്യാർത്ഥി സംഘടന രംഗം പ്രക്ഷുബ്ധമായ 90 കളുടെ കാലത്ത് എസ്എഫ്ഐ കണ്ണൂർ ജില്ലയിലെ സംഘടനയെ സധൈര്യം നയിച്ച വി വിനോദ് പിന്നീട് സിപിഐഎം മാടായി ഏരിയയുടെ ഭാഗമായി സജീവമായി പ്രവർത്തിച്ചു. മാടായി ലോക്കലിൽ സിപിഐഎം സംഘടനാ പ്രവർത്തനം സജീവമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. എതിരാളികളുടെ ശക്തികേന്ദ്രങ്ങളിൽ വി വിനോദ് നടത്തിയ പ്രവർത്തനം മാടായി ലോക്കലിൽ സിപിഐഎം നെ സജീവമാക്കി. മാടായി പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു.
2000 മുതൽ 14 വർഷക്കാലം സിപിഐഎം മാടായി ലോക്കൽ സെക്രട്ടറി ആയും കുറച്ച് കാലം സിപിഐഎം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ സെക്രട്ടറിയായും ചുമതല നിർവ്വഹിച്ചു. 2023 ഡിസംബർ മുതൽ സിപിഐഎം മാടായി ഏരിയ സെക്രട്ടറി ആയി ചുമതല നിർവ്വഹിച്ചുവരുകയായിരുന്നു.
രാഷ്ട്രീയഎതിരാളികളുടെ പോലും പ്രീതി പിടിച്ചുപറ്റിയ ജനകീയനായ സിപിഐഎം നേതാവാണ് വി വിനോദ്