വളപട്ടണം, മേലെ ചൊവ്വ ഗതാഗതക്കുരുക്ക്; തിരക്കേറിയ സമയങ്ങളില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം
കണ്ണൂര്‍:വളപട്ടണം പാലത്തിലെ നവീകരണ പ്രവൃത്തിയും മേലെ ചൊവ്വ മേല്‍പ്പാലം നിര്‍മ്മാണവും നടക്കുന്ന പശ്ചാത്തലത്തില്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി തിരക്കേറിയ സമയങ്ങളില്‍ ഇതുവഴി ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് ഉത്തരവിട്ടു. രണ്ടു പ്രവൃത്തികളും പൂര്‍ത്തിയാകുന്നതു വരെ പഴയങ്ങാടി റോഡില്‍ ചെറുകുന്ന്, തളിപറമ്പ റോഡില്‍ ധര്‍മശാല മുതല്‍ എടക്കാട് വരെയുള്ള ഭാഗത്ത് രാവിലെ എട്ട് മുതല്‍ പത്ത് വരെയും വൈകുന്നേരം നാല് മുതല്‍ രാത്രി ഏഴ് വരെയുമാണ് ഭാരവാഹനങ്ങള്‍ക്ക് ദുരന്തനിവാരണ നിയമ പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 10 ടയര്‍ മുതലുള്ള ഹെവി ചരക്ക് വാഹനങ്ങള്‍, മള്‍ട്ടി-ആക്സില്‍ ട്രക്കുകള്‍, ട്രെയിലര്‍ / സെമി-ട്രെയിലര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ക്കാണ് നിയന്ത്രണം.
പഴയങ്ങാടി – കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ്സുകളുടെ റൂട്ട് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത ബസ് ഉടമകളുടെയും ജീവനക്കാരുടെയും യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. നിയന്ത്രണമുള്ള സമയങ്ങളില്‍ ഗതാഗത തടസ്സം ഉണ്ടാക്കാത്ത രീതിയില്‍ ഭാരവാഹനങ്ങള്‍ സുരക്ഷിതമായി നിര്‍ത്തിയിടുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്താന്‍ കണ്ണപുരം, തളിപ്പറമ്പ്, എടക്കാട് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. ഉത്തരവ് അടിയന്തരമായി പ്രാബല്യത്തില്‍ വരുത്തുന്നതിനും ആവശ്യമായ ട്രാഫിക് നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കി ഗതാഗതം സുഗമമാക്കുന്നതിനും ബന്ധപ്പെട്ട പോലിസ്, ദേശീയപാത അതോറിറ്റി, നിര്‍മാണ ഏജന്‍സി ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സിറ്റി പോലിസ് കമ്മീഷണര്‍ വിജയ ഭരത് റെഡ്ഡി, അസിസ്റ്റന്റ് കളക്ടര്‍ എസ് സ്വാതി, എഡിഎം കെ ബാലഗോപാലന്, ആര്‍ടിഒ ഇ എസ് ഉണ്ണികൃഷ്ണന്, അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ എം പി ആസാദ്, ബസ് തൊഴിലാളി, ബസ്സുടമാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.