വളപട്ടണം പാലത്തിലും പുതിയതെരുവിലും റീടാറിങ് നടത്തണം . കെ വി സുമേഷ് എംഎൽഎ കലക്ടർക്ക് നിവേദനം നൽകി
കണ്ണൂർ :റോഡിൽ കുഴികൾ രൂപപ്പെട്ടതിനാൽദേശീയപാതയിൽ വളപട്ടണം പാലത്തിലും പുതിയതെരുവിലും റീടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് കെ വി സുമേഷ് എംഎൽഎ കലക്ടർ പി വിഷ്ണു രാജിന് നിവേദനം നൽകി. മഴക്കാലമായതോടെ വളപട്ടണം പാലത്തിൽ റോഡ് തകർന്ന് നിറയെ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. കുഴികളിൽ കയറിയിറങ്ങി വാഹനങ്ങൾ മെല്ലെപ്പോക്കായതോടെ ഗതാഗത കുരുക്കും പതിവായി. പുതിയതെരുവിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ താൽക്കാലിക ഗതാഗത പരിഷ്കരണം വിജയമായിരുന്നു. റോഡ് തകർന്നതിനാൽ ദേശീയപാതയിൽ വേളാപുരം മുതൽ ഹൈവേ ജംങ്ഷൻ വരെ ഓവർ ലേ ടാറിങ്ങും നടത്തി. ഇതിനിടയിലാണ് വളപട്ടണം പാലത്തിൽ നിറയെ കുഴികൾ രൂപപ്പെട്ടത്. ഇതോടെ വളപട്ടണം പാലം കടന്നു കിട്ടാൻ വാഹനങ്ങൾക്ക് ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയാണ്. പുതിയ തെരുവിലും റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. രാവിലെയും വൈകിട്ടും തിരക്കേറുന്ന സമയങ്ങളിൽ വളപട്ടണം പാലത്തിലും പഴയ ടോൾ ബുത്ത് പരിസരത്തും പുതിയ തെരുവിലും വാഹനങ്ങളുടെ നീണ്ട നിരയാണുണ്ടാവുന്നത്. ഗതാഗത കുരുക്ക് യാത്രക്കാർ വലിയ പ്രായാസം സൃഷ്ടിക്കുന്നുണ്ട്. അടിയന്തരമായി റീടാറിങ് നടത്താൻ ദേശീയപാത അതോറിറ്റിയോടും വിശ്വസമുദ്ര കരാർ കമ്പിനിയോടും ആവശ്യപ്പെടണമെന്ന് കലക്ടർക്ക് നൽകിയ നിവേദനത്തിലൂടെ കെ വി സുമേഷ് എം എൽ എ ആവശ്യപ്പെട്ടു.