സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമൻ അന്തരിച്ചു
തിരുവനന്തപുരം : സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സ്പീക്കർ എ എം ഷംസീർ, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ തുടങ്ങിയവർ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു. 2021 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്. കോട്ടയത്തെ വാഴൂരിൽ കുഞ്ഞുപാപ്പന്റെ യും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14നാണ് വാഴൂർ സോമന്റെ ജനനം. എഐഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവർത്തക സമിതി അംഗവുമായിരുന്നു. മരണ വിവരമറിഞ്ഞ് മുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും സ്ഥലത്തെത്തിയിട്ടുണ്ട്. ഭാര്യ: ബിന്ദു സോമൻ. മക്കൾ: സോബിൻ, സോബിത്ത്.