വയനാട്ടിൽ നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസിനു നേരെ കാർ യാത്രക്കാരൻ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
വയനാട് : വയനാട്ടിൽ നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസിനു നേരെ കാർ യാത്രക്കാരൻ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്നലെ പുലർച്ചെ ഗോണിക്കൊപ്പയ്ക്കു സമീപം പൊന്നമ്പേട്ടിലായിരുന്നു സംഭവം. ബസ് കാറിൽ തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം.ഇരുമ്പു കമ്പി എറിഞ്ഞു ബസിന്റെ ഹെഡ് ലൈറ്റ് പൊട്ടിക്കുകയും ചെയ്തു. ഗോണിക്കൊപ്പ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞു.ബസിനെ പിന്തുടർന്നെത്തിയ ഇയാൾ ഏറെ നേരം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതായി യാത്രക്കാർ പറഞ്ഞു. യാത്രക്കാരെ പിന്നാലെ വന്ന മറ്റു ബസുകളിൽ കയറ്റി ബെംഗളൂരുവിലേക്കു വിട്ടു. കെഎസ്ആർടിസി ബസുകൾക്കു നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്.ഗോണിക്കൊപ്പ, ഹുൻസൂർ ഭാഗങ്ങളിലെ വിജനമായ സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ തടഞ്ഞു നിർത്തി കൊള്ളയടിച്ച സംഭവങ്ങൾ ഒട്ടേറെയുണ്ടായിട്ടുണ്ട്.