മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം തുടരും; ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്ന് മുഖ്യമന്ത്രി
വയനാട് : ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കൈയിലും ചാലിയാറിലും തിരച്ചിൽ ഊർജിതമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരച്ചിലിന് ആവശ്യമായ യന്ത്രങ്ങൾ എത്തിക്കാൻ പറ്റാത്തത് വെല്ലുവിളി ആയിരുന്നു എങ്കിൽ ബെയ്ലി പാലം പൂർത്തിയായതോടെ കൂടുതൽ യന്ത്രങ്ങൾ എത്തിച്ച് തിരച്ചിൽ വേഗത്തിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിൽ സർവകക്ഷി യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈയിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.