മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ഫെബ്രുവരിയിൽ ടൈം ലൈൻ നൽകാനായേക്കും
വയനാട് : മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ഫെബ്രുവരിയിൽ ടൈം ലൈൻ നൽകാനായേക്കും. എല്‍സ്റ്റണ്‍, നെടുമ്പാല എസ്റ്റേറ്റുകളിലെ സര്‍വ്വെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള ഹൈഡ്രോളജിക്കല്‍ – ജിയോളജിക്കല്‍ – ഫോട്ടോഗ്രാഫിക് – ഭൂമിശാസ്ത്ര സര്‍വ്വെകള്‍ ജനുവരിയോടെ പൂര്‍ത്തീകരിക്കും. പരിശോധന പൂര്‍ത്തിയാക്കി, ഭൂമിയുടെ ശാസ്ത്രീയത അടിസ്ഥാനമാക്കി പരമാവധി ഭൂമി ഉപയോഗപ്പെടുത്തിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക. ധനസഹായം ദീര്‍ഘിപ്പിച്ച് നല്കാന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് ശുപാര്ശനൽകാനും തീരുമാനമായി. പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ ത്രിതല സംവിധാനമാണ് ഉറപ്പാക്കുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായി വയനാട് പുനര്‍നിര്‍മ്മാണ സമിതിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുക.
ദുരന്ത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാജന് പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മേല്‍നോട്ട സമിതി രൂപീകരിക്കും. മരണാനന്തര സഹായം വേഗത്തില്‍ ലഭ്യമാവുന്നതിനു വേണ്ടി ഉത്തരവ് ഇറക്കും. കാണാതായവരായി സ്ഥിരീകരിച്ചവരെ മരണപ്പെട്ടതായി കണക്കാക്കാന്‍ നിബന്ധനങ്ങള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തില്‍ വയനാട് കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി കെ രാജന്.