മുണ്ടക്കൈ ദുരന്തഭൂമിയിലെ നൊമ്ബരമായി മാറി നൗഫല്‍; ഭാര്യയും മൂന്ന് മക്കളുമടക്കം വീട്ടിലെ 11 പേരെയാണ് ഉരുള്‍പൊട്ടലില്‍ നഷ്ടമായത്
മുണ്ടക്കൈ : മുണ്ടക്കൈ ദുരന്തഭൂമിയിലെ നൊമ്ബരമായി മാറി നൗഫല്‍. മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളുമടക്കം വീട്ടിലെ 11 പേരെയാണ് ഉരുള്‍പൊട്ടലില്‍ നൗഫലിന് നഷ്ടമായത്. ഏതാനും ബന്ധുക്കള്‍ മാത്രമാണ് നൗഫലിന് ഇനി കുടുംബമായുള്ളത്. ഭാര്യ സജ്ന, 3 കുട്ടികള്‍, ബാപ്പ കുഞ്ഞിമൊയ്തീൻ, ഉമ്മ ആയിഷ, സഹോദരൻ മൻസൂർ, ഭാര്യ മുഹ്സിന, അവരുടെ 3 കുട്ടികള്‍ എന്നിവരടങ്ങുന്ന 11 പേരെയാണ് ഒറ്റ രാത്രികൊണ്ടു നഷ്ടമായത്. ഒമാനില്‍ ജോലി ചെയ്യുന്ന കളത്തിങ്കല്‍ നൗഫല്‍ ബന്ധുവിന്റെ ഫോണ്‍ വിളിയെത്തിയപ്പോള്‍ത്തന്നെ നാട്ടിലേക്കു പുറപ്പെട്ടതാണ്. നാട്ടിലെത്തിയ നൗഫല്‍ ഇന്നലെ വരെ ചാലിയാറില്‍ തന്റെ ഉറ്റവര്‍ക്കായുള്ള തിരച്ചിലിലായിരുന്നു. മേപ്പാടി ദുരിതാശ്വാസ ക്യാംപില്‍ 3 ദിവസത്തെ കാത്തിരിപ്പിനു ശേഷം ഇന്നലെയാണ് വീടിരുന്ന സ്ഥലത്തെത്തിയത്. മാതാപിതാക്കള്‍ നൗഫലിന്റെ കുടുംബത്തിനൊപ്പമായിരുന്നു താമസം. മാതാപിതാക്കളുടെയും മൂത്തമകള്‍ നഫ്ല നസ്രിൻ, മൻസൂറിന്റെ ഭാര്യ മുഹ്സിന, മകള്‍ ആയിഷാമന എന്നിവരുടെ മൃതദേഹങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. സജ്ന, മക്കളായ നിഹാല്‍, ഇഷാ മഹ്റിൻ, മൻസൂർ, മൻസൂറിന്റെ മക്കളായ ഷഹ്ല, ഷഫ്ന എന്നിവരെ കണ്ടെത്താനായിട്ടില്ല.