വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവരുടെ എണ്ണം 338ആയി; തിരച്ചില്‍ ഇന്നും തുടരും
വയനാട് : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവരുടെ എണ്ണം 338ആയി. ഇന്നലെ 22 മൃതദേഹങ്ങള്‍ കൂടി ലഭിച്ചു. ചൂരല്‍മലയില്‍നിന്ന് ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹം കണ്ടെത്തി. വെള്ളാര്‍മലയിലെ തിരച്ചിലില്‍ ഒരു മൃതദേഹം കണ്ടെടുത്തു. ചാലിയാറില്‍ ഇന്നലെ 18 മൃതദേഹങ്ങള്‍ ഒഴുകിയെത്തി. ചാലിയാറില്‍ നിന്നുമാത്രം ഇതുവരെ 188 മൃതദേഹങ്ങളാണ് കിട്ടിയത്. 276 പേര് ഇനിയും കാണാമറയത്താണ്. 210 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തിരിച്ചറിയാതെ ബാക്കിയുള്ള മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. മുണ്ടക്കൈയിലും ചൂരല്‍മലയിലും ആറു മേഖലകളിലായിരുന്നു ഇന്നത്തെ തിരച്ചില്‍. സൈന്യവും എന്‍.ഡി.ആര്.എഫുമടക്കം രണ്ടായിരത്തോളം പേരാണ് ദൗത്യത്തില്‍ പങ്കെടുത്തത്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരും.
ദുരന്തഭൂമിയായ മുണ്ടക്കൈ ടോപ്പില്‍ ജീവന്റെ തുടിപ്പുതേടി രക്ഷാസംഘത്തിന്റെ അസാധാരണ തിരച്ചില്‍. തകര്‍ന്ന കെട്ടിടത്തിനു സമീപത്തുനിന്ന് ലഭിച്ച ശ്വാസോച്ഛ്വാസത്തിന്റെ സിഗ്നല്‍ കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍. റഡാര്‍ സിഗ്നലിലാണ് ജീവന്റെ തുടിപ്പ് കണ്ടെത്തിയത്. എന്നാല്‍ അഞ്ചുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവില്‍ മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. തിരച്ചില്‍ വൈകിട്ടോടെ അവസാനിപ്പിച്ച് മടങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ച് രാത്രിയില്‍ വെളിച്ചമെത്തിച്ചായിരുന്നു തിരച്ചില്‍. സൈന്യത്തിന്റെയും എന്‍.ഡി.ആര്.എഫിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. മണ്ണിനടിയില്‍ മനുഷ്യസാന്നിധ്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു
വയനാട് ദുരന്തത്തിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായി കോഴിക്കോട് ജില്ലയിലും തിരച്ചില്‍ നടന്നു. ഡ്രോണും ഹെലികോപ്റ്ററും ഉപയോഗിച്ചും സ്കൂബാ ടീമിന്റെ നേതൃത്വത്തിലും സമാന്തര തിരച്ചില്‍ ചാലിയാര്‍ പുഴയില്‍ പുരോഗമിക്കുകയാണ്. മൃതദേഹം ഇല്ലെന്ന് ഉറപ്പ് വരുന്നത് വരെ തിരച്ചിൽ തുടരുമെന്ന് അധികൃതർ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവ്, മുക്കം, ഫറോക് , മാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് തിരച്ചിൽ. ജനകീയ കൂട്ടായ്മയും തിരച്ചിലില്‍ സജീവ പങ്കാളിത്തം വഹിക്കുന്നു. കാലാവസ്ഥ അനുകൂലമാണെന്നും ചാലിയാറിലെ തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കുമെന്നും റൂറൽ എസ്പി ഡോ. അർവിന്ദ് സുകുമാർ പറഞ്ഞു.