വയനാട് നെന്മേനിയിൽ ചില മേഖലകളിൽ ഭൂമിക്കടയിൽ നിന്ന് മുഴക്കവും പ്രകമ്പനവും കേട്ടതായി നാട്ടുകാർ
വയനാട് : നെന്മേനിയിൽ ചില മേഖലകളിൽ ഭൂമിക്കടയിൽ നിന്ന് മുഴക്കവും പ്രകമ്പനവും കേട്ടതായി നാട്ടുകാർ. പടിപറമ്പ്, അമ്പുകുത്തി, അമ്പലവയൽ എന്നിവിടങ്ങളിലാണ് കുലുക്കമുണ്ടായത്. സംഭവത്തെ തുടർന്ന് അമ്പലവയൽ എടക്കൽ ജിഎൽപി സ്കൂളിന് ഇന്ന് അവധി നൽകി കുട്ടികളെ പറഞ്ഞയച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. പെട്ടെന്ന് പരിസരത്താകെ അസാധാരണ മുഴക്കം അനുഭവപ്പെടുകയായിരുന്നു. മുൻകരുതലിന്റെ ഭാഗമായാണ് സ്കൂളിന് അവധി നൽകിയത്. ഭൂചലനത്തിന് സമാനമായ കുലുക്കമാണ് അനുഭവപ്പെട്ടതെന്നാണ് പലരും പറയുന്നത്. പ്രകമ്പനം അനുഭവപ്പെട്ടതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.