മഴ കനത്തു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കല്‍പ്പറ്റ : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. വരും ദിവസങ്ങളിലും മഴ തീവ്രമായി തന്നെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ നാളെ ജില്ലാ കളക്ടർ വിദ്യാലയങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. “വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വ്യാഴം) അവധി. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗൻവാടികള്‍, ട്യൂഷൻ സെൻ്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി എസ് സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. മോഡല്‍ റസിഡൻഷ്യല്‍ (MRS), നവോദയ സ്കൂള്‍കള്‍ക്ക് അവധി ബാധകമല്ല” – ജില്ലാ കളക്ടർ ഉത്തരവിലൂടെ വ്യക്തമാക്കി.