വയനാട് പുനരധിവാസം; ടൗൺഷിപ്പിന് ഈ മാസം 27 ന് മുഖ്യമന്ത്രി തറക്കല്ലിടും
തിരുവനന്തപുരം : മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന് മാർച്ച് 27ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജൻ. നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അഭിമാനകരമായ ദുരന്ത നിവാരണ പ്രക്രിയയിലാണ് സർക്കാർ എന്നും കെ രാജൻ പറഞ്ഞു. കൃത്യം മാനദണ്ഡങ്ങൾ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്. 120 കോടി രൂപ ഉപയോഗിച്ച് റോഡുകൾ പുനർനിർമിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ടി സിദ്ദിഖ് എംഎൽഎയാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്. ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷം പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ച് സഭ വിട്ടു.
കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ കണ്ടെത്തിയ 64 ഹെക്ടർ സ്ഥലത്ത് നിർമിക്കുന്ന ടൗൺഷിപ്പിൽ 7 സെന്റ് സ്ഥലവും 1000 ചതുരശ്ര അടിയുള്ള വീടും എന്നതാണ് സർക്കാർ നലപാട്.വീട് വേണ്ടാത്തവർക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകും. ഓരോ വീടിനും സ്പോൺസർമാർ 20 ലക്ഷം രൂപ വീതം നൽകും. ബാക്കി തുക സർക്കാർ വഹിക്കും. പുഞ്ചിരിമട്ടം ഭൂമി സർക്കാർ ഏറ്റെടുക്കില്ല. ദുരന്തബാധിത പ്രദേശങ്ങളിലെ പാലങ്ങളും റോഡുകളും നിർമിക്കും.ദുരന്തബാധിതർക്ക് പുനരധിവാസം ഉറപ്പുവരുത്തുന്നതിൽ തുറന്ന മനസ്സാണ് സർക്കാരിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആശങ്കകൾ പരിഹരിക്കുന്നതിനും തുറന്ന ചർച്ചകൾക്കും സർക്കാർ തയ്യാറാണെന്നും മന്ത്രി കെ രാജൻ അറിയിച്ചിരുന്നു.