അടുത്ത വർഷം നടക്കുന്ന ഫുട്ബോൾ ലോകകപ്പിനുള്ള ഔദ്യോഗിക പന്ത് ഫിഫ പുറത്തിറക്കി
അടുത്ത വർഷം നടക്കുന്ന ഫുട്ബോൾ ലോകകപ്പിനുള്ള ഔദ്യോഗിക പന്ത് ഫിഫ പുറത്തിറക്കി. ട്രിയോണ്ട എന്ന് പേരിട്ടിരിക്കുന്ന പന്തിൻറെ നിർമാതാക്കൾ അഡിഡാസാണ്. അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങൾ സംയുക്തമായി ആതിഥേയരാകുന്നത് സൂചിപ്പിച്ചാണ് പേര്. സ്പാനിഷിലെ രണ്ട് വാക്കുകൾ ചേർന്നാണ് പന്തിന് പേര് നല്കിയത്. സ്പാനിഷിൽ ട്രയ എന്നാൽ മൂന്ന് എന്നും ഒണ്ട എന്നാൽ തരംഗം അല്ലെങ്കിൽ വൈബ് എന്നാണ് അർത്ഥമാക്കുന്നത്. ഈ വാക്കുകൾ കൂട്ടി ചേർത്താണ് ട്രിയോണ്ടയുടെ ജനനം.
ആതിഥേയ രാജ്യങ്ങൾക്ക് ആദരസൂചക മായി പന്തിന്റെ ചുവപ്പ്, പച്ച, നീല നിറങ്ങൾ ചേർന്നാണ് പന്ത് നിർമിച്ചിരിക്കുന്നത്. കാനഡയെ പ്രതിനിധീകരിക്കാൻ മേപ്പിൾ ഇല, മെക്സിക്കോയ്ക്ക് കഴുകൻ, അമേരിക്കയ്ക്ക് നക്ഷത്രം തുടങ്ങിയ രാജ്യ ചിഹ്നങ്ങൾ പന്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിഫ വേൾഡ് കപ്പ് ട്രോഫിക്ക് ആദരമായി സ്വർണ അലങ്കാരങ്ങളും പന്തിലുണ്ട്. നിരവധി സാങ്കേതിക വിദ്യകളും ട്രിയോണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെൻസർ ചിപ്പ് ഉൾപ്പെടുത്തിയതോടെ പന്തിന്റെ നീക്കങ്ങളുടെ കൃത്യമായി വിഎആർ (VAR) സിസ്റ്റത്തിൽ രേഖപ്പെടുത്തും. ഇതോടെ ഓഫ്സൈഡ് സംബന്ധിച്ച വിധികൾ കൂടുതൽ കൃത്യമായി എടുക്കാൻ കഴിയും. ട്രിയോണ്ട അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെ ന്നും ആതിഥേയ രാജ്യങ്ങളുടെ ഐക്യവും ആവേശവും പ്രതിഫലിപ്പിക്കുന്ന പന്താണ് അഡിഡാസ് നിർമിച്ചതെന്നും ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റിനോ പറഞ്ഞു..