ഇന്ത്യയിലേക്ക് മറ്റൊരു ലോക് ചെസ് കിരീടം കൂടി; ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ ഷിപ്പില്‍ കൊനേരു ഹംപി കിരീടമണിഞ്ഞു
ന്യൂഡൽഹി : ഡി ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് മറ്റൊരു ലോക് ചെസ് കിരീടം കൂടി. ലോക ചെസില്‍ വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ് മറ്റൊരു ഇന്ത്യന്‍ താരം. ശനിയാഴ്ച വൈകുന്നേരം ന്യൂയോര്‍ക്കില്‍ നടന്ന ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞു. കലാശപ്പോരാട്ടത്തില്‍ ഇന്തൊനീഷ്യന്‍ താരം ഐറിന് സുക്കന്ദറിനെ തോല്‍പ്പിച്ചാണ് മുപ്പത്തേഴുകാരിയായ കൊനേരു ഹംപി രണ്ടാം തവണയും ലോക റാപ്പിഡ് ചെസ് കിരീടം ചൂടിയത്. ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിത വിഭാഗത്തില്‍ പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് കൊനേരു ഹംപി ചാമ്പ്യനായത്. 8.5 പോയന്റ് നേടിയാണ് താരം കിരീടം ചൂടിയത്.
കൊനേരു ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. 2019ല്‍ മോസ്കോയിലും കൊനേരു ഹംപി കിരീടം നേടിയിരുന്നു. ചൈനയുടെ ജൂ വെന്‍ജൂനിനു ശേഷം ഒന്നിലധികം തവണ ലോക റാപ്പിഡ് ചെസ് കിരീടം നേടുന്ന ആദ്യ താരമാണ് കൊനേരു ഹംപി. ലോക ചെസ് രംഗത്ത് ഈ വര്‍ഷം ഇന്ത്യയുടേതാണെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതായി കൊനേരു ഹംപിയുടെ കിരീടനേട്ടം. ഡി ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് മറ്റൊരു ലോക് ചെസ് കിരീടം കൂടി കൊനേരു ഹംപിയിലൂടെ എത്തുകയാണ്. ഇത്തവണ സിംഗപ്പൂരില്‍ നടന്ന ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ദൊമ്മരാജു ഗുകേഷ് കിരീടം ചൂടിയിരുന്നു. ഈ നേട്ടത്തിന്റെ സന്തോഷം ഇരട്ടിയാക്കിയാണ് ലോക റാപ്പിഡ് ചെസ് കിരീടം കൊനേരു ഹംപിയിലൂടെ ഇന്ത്യയിലേക്ക് എത്തുന്നത്. രണ്ട് തവണ ലോക റാപ്പിഡ് ചാമ്പ്യന്‍ ആകുന്ന രണ്ടാമത്തെ വനിതയാണ് ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി.