യൂത്ത് ഫെസ്റ്റ് 2026; വിദ്യാർത്ഥികൾക്കായി മാരത്തൺ, ക്വിസ് മത്സരങ്ങൾ നടത്തി
കണ്ണൂർ:അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി/എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി യൂത്ത് ഫെസ്റ്റ് 2026 ന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി മാരത്തൺ മത്സരവും സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും നടത്തി. ജില്ലാ മെഡിക്കൽ ഓഫീസ് കോമ്പൗണ്ടിൽ നിന്നും ആരംഭിച്ച മാരത്തൺ ടി.ഒ മോഹനൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.പുരുഷ വിഭാഗം മാരത്തൺ മത്സരത്തിൽ പിണറായി ഗവ. ഐടിഐയിലെ പി അശ്വിൻ ഒന്നാം സ്ഥാനവും ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിലെ പി ദേവനന്ദ് രണ്ടാം സ്ഥാനവും മാട്ടൂൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെ റോഹൻ മൂന്നാം സ്ഥാനവും നേടി. വനിതകളുടെ വിഭാഗത്തിൽ കണ്ണൂർ എസ്.എൻ കോളേജിലെ ആർ.കെ ദേവാംഗന ഒന്നാം സ്ഥാനവും പഴയങ്ങാടി വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഗോപിക ബിജു രണ്ടാം സ്ഥാനവും അതേ കോളേജിലെ ടി നയന മൂന്നാം സ്ഥാനവും നേടി.
എച്ച് ഐ വി /എയ്ഡ്സ് ക്വിസ് മത്സരത്തിൽ കല്യാശേരി കെ.പി.ആർ. ജി.എസ്.ജി.എച്ച്.എസ്.എസ്സിലെ ദേവിക പ്രകാശ്, രുദ്ര പ്രിയ ടീം ഒന്നാം സ്ഥാനവും അഴീക്കോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അമൃത, കല്യാണി എന്നിവരുടെ ടീം രണ്ടാം സ്ഥാനവും പാപ്പിനിശ്ശേരി ഇ.എം.എസ്.ജി.എച്ച്.എസ്.എസിലെ റാഫിയ എ.ടി.പി, ദിയ ഫാത്തിമ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡോ. ശ്വേത, ഡോ. ഷാക്കിർ എന്നിവർ ക്വിസ് മത്സരം നിയന്ത്രിച്ചു.മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 5,000 രൂപയും രണ്ടാം സ്ഥാനം നേടിയവർക്ക് 4,000 രൂപയും മൂന്നാം സ്ഥാനം നേടിയവർക്ക് 3,000 രൂപയുമാണ് സമ്മാനം. വിജയികൾക്ക് ജില്ലാ ടി ബി & എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. രശ്മി മാത്യു സമ്മാനങ്ങൾ വിതരണം ചെയ്തു.ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസ്, സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, എൻ എസ് എസ്, കണ്ണൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിവേക് ആർ കുമാർ, ജില്ലാ ടി ബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. രശ്മി മാത്യു, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ വി എ ഷബീർ, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി. സുധീഷ്, ജില്ലാ ലാബ് ഓഫീസർ ഇൻചാർജ് ഉമേശൻ എം.കെ, എൻ.എസ്.എസ് യുവജാഗരൺ ജില്ലാ കോർഡിനേറ്റർ സിന്ധു പടോളി, എൻ.എസ്.എസ് നോഡൽ ഓഫീസമാരായ ഡോ. മഞ്ജു ആർ നാഥ്, കെ.പി ഷമീമ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.