ദർശൻ തൂഗുദീപയ്ക്കെതിരായ കൊലപാതകക്കേസിൽ പുതിയ വഴിത്തിരിവ്; രേണുകാ സ്വാമിയെ എത്തിച്ച ഡ്രൈവർ കീഴടങ്ങി
ബെംഗളുരു : കന്നട നടൻ ദർശൻ തൂഗുദീപയ്ക്കെതിരായ കൊലപാതകക്കേസിൽ പുതിയ വഴിത്തിരിവ്. കൊല്ലപ്പെട്ട രേണുകാ സ്വാമിയെ വീട്ടിൽ നിന്ന് കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവർ പൊലീസിന് മുന്നിൽ കീഴടങ്ങി. ദര്‍ശന്റെ സുഹൃത്ത് പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. ദർശനും പവിത്രയ്ക്കും പുറമെ 11 പേർ കേസിൽ പൊലീസ് കസ്റ്റഡിയിലാണ്. ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പൊലീസിന്റെ ഓഫീസിലെത്തിയാണ് ഡ്രൈവർ രവി കീഴടങ്ങിയത്.
രേണുകാ സ്വാമിയെ ബെംഗളുരുവിലെത്തിക്കാൻ ടാക്സി ഒരുക്കിയ രഘു എന്ന രാഘവേന്ദ്രയാണ് കേസിലെ മറ്റൊരു പ്രതി. എല്ലാവർ പ്രതികളും രവിയുടെ വാഹനത്തിലാണ് ചിത്രദുർഗയിൽ നിന്ന് ബെംഗളുരുവിലെത്തതിയത്. ഇവരെ ബെംഗളൂരുവിലെത്തിച്ച ശേഷം രവി ഒളിവിൽ പോയിരുന്നു. പിന്നീട് ചിത്രദുർഗയിലെ ടാക്സി അസ്സോസിയേഷനുമായി ബന്ധപ്പെടുകയും അവരുടെ നിർദ്ദേശപ്രകാരം കീഴടങ്ങുകയുമായിരുന്നു. രേണുക സ്വാമിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ചിത്രദുർഗയിലെ തൻ്റെ ഫാൻസ് ക്ലബ്ബിൻ്റെ കൺവീനറായ രഘുവിനെ ദർശൻ നിയോഗിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ്, രേണുക സ്വാമിയെ ക്രൂരമായ മർദ്ദിച്ചതായും പൊലീസ് പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ദര്‍ശന്റെ പേര് പുറത്തുവന്നത്.