ബോളിവുഡ് നടി നൂർ മാളബിക ദാസിനെ മരിച്ച നിലയിൽ കണ്ടെത്തി
മുംബൈ : ബോളിവുഡ് നടി നൂർ മാളബിക ദാസിനെ (32) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ഫ്ലാറ്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ ആറിനാണ് നടി മരിച്ചത്. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗോരേഗാവിലെ സിദ്ധാർത്ഥ് ആശുപത്രിയിലേക്ക് മാറ്റി. അസം സ്വദേശിയായ നൂർ അഭിനയ രംഗത്തേക്കെത്തുന്നതിന് മുമ്പ് ഖത്തർ എയർവേയ്സിൽ എയർ ഹോസ്റ്റസായിരുന്നു. കജോൾ നായികയായെത്തിയ ദ് ട്രയലിൽ ശ്രദ്ധേയമായ വേഷത്തിൽ നൂർ അഭിനയിച്ചിട്ടുണ്ട്. സിസ്കിയാൻ, വാക്ക്മാൻ തുടങ്ങി നിരവധി വെബ് സീരീസുകളിലും നടി ഭാഗമായിട്ടുണ്ട്.