മന്ത്രിസഭയിൽ നിന്ന് താൻ രാജിവെച്ചേക്കുമെന്ന വാർത്തകൾ നിഷേധിച്ച് സുരേഷ് ഗോപി എംപി; മന്ത്രിയായി തുടരും
കൊച്ചി : നരേന്ദ്ര മോദി സർക്കാരിൻ്റെ മന്ത്രിസഭയിൽ നിന്ന് താൻ രാജിവെച്ചേക്കുമെന്ന വാർത്തകൾ നിഷേധിച്ച് സുരേഷ് ഗോപി എംപി. മോദി മന്ത്രിസഭയിൽ ഭാഗമാകുന്നതിൽ അഭിമാനമാണെന്നും മാധ്യമ വാർത്തകൾ തെറ്റാണെന്നും അദ്ദേഹം സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു. കേരളത്തിൻ്റെ വികസനത്തിനും സമൃദ്ധിക്കും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപി കേന്ദ്രസഹമന്ത്രി സ്ഥാനത്തുനിന്ന് മാറാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിനു തടസമാണെന്നും സുരേഷ്ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്ന് സൂചനയുണ്ടായിരുന്നു. കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നും വാർത്തകൾ വന്നിരുന്നു. ഇത് തള്ളിക്കൊണ്ടാണ് അദ്ദേഹമിപ്പോൾ രംഗത്തെത്തിയത്.
താൻ കേരളത്തിനു വേണ്ടിയും തമിഴ്നാടിനും വേണ്ടിയാണ് നില കൊള്ളുന്നതെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം സുരേഷ് ഗോപി പറഞ്ഞിരുന്നു. കേരളത്തിന് വേണ്ടി ആഞ്ഞുപിടിച്ച് നിൽക്കും. സംസ്ഥാന സർക്കാർ അഭിപ്രായ ഭിന്നത ഉണ്ടാക്കി അത് മുടക്കാതിരുന്നാൽ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രസഹമന്ത്രി സ്ഥാനം പോലും വേണ്ട എന്നാണ് താൻ പറഞ്ഞത്. എന്ത് ചുമതല വന്നാലും ഏറ്റെടുക്കും. എംപി ക്ക് എല്ലാ വകുപ്പുകളിലും ഇടപെടാൻ കഴിയും. ജോർജ് കുര്യൻ മന്ത്രിയായതോടെ ജോലി വീതം വയ്ക്കാൻ സാധിക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.