![പുതുവർഷത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും എയർ കേരള എയർലൈൻ പറന്നുയരും](https://www.zealtvonline.com/wp-content/uploads/2024/12/air-kerala-850x560.jpg)
പുതുവർഷത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും എയർ കേരള എയർലൈൻ പറന്നുയരും
കണ്ണൂർ : പുതുവർഷത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും എയർ കേരള എയർലൈൻ പറന്നുയരും. സർവ്വീസ് ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഇന്ന് ഉച്ചയ്ക്ക് 12ന് ഒപ്പു വയ്ക്കും. കേരള സർക്കാരിനും സിയാലിനും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി 26 ശതമാനം ഓഹരിയുള്ള സ്ഥാപനമാണ് എയർകേരള. കണ്ണൂരിന് പുറമെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നായിരിക്കും സർവീസ്. മാർച്ചോടെ സർവീസ് തുടങ്ങാനുള്ള പദ്ധതിയുമായാണ് കമ്പനി മുന്നോട്ട് പോകുന്നത്. സേവനത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ താങ്ങാവുന്ന ടിക്കറ്റ് നിരക്കാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്. ദക്ഷിണ – മദ്ധ്യ ഇന്ത്യയിലെ ടയർ-രണ്ട്, ടയർ- മൂന്ന് വിമാനത്താവളങ്ങളിലാണ് എയർ കേരള ആദ്യം ശ്രദ്ധകേന്ദ്രീകരിക്കുക.നിരവധി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കണ്ണൂർ വിമാനത്താവളത്തിന് പുതിയ പ്രതീക്ഷ നൽകുകയാണ് എയർ കേരള. നിലവിൽ 3500 കോടി രൂപയുടെ അംഗീകൃത മൂലധനം കണ്ണൂർ വിമാനത്താവളത്തിനുണ്ട്. എന്നാൽ കിയാൽ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയുടെ ഫലമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് കിയാൽ ഷെയർ ഹോൾഡേഴ്സ് ഉൾപ്പെടെയുള്ളവരുടെ ആരോപണം. കണ്ണൂർ കാസർകോട് വയനാട് ജില്ലകളിലെയും കുടക് മേഖലയിലെയും കോഴിക്കോട് ജില്ലയിലെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലെയും പ്രവാസികൾ അടക്കമുള്ള യാത്രക്കാർക്ക് വളരെയേറെ പ്രയോജനകരമാണ് കണ്ണൂർ വിമാനത്താവളം