കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ സംഭവം; ഇവൻ്റ് മാനേജർ കസ്റ്റഡിയിൽ
കൊച്ചി : കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന ‘മൃദംഗനാദം’ പരിപാടിക്കിടെ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ സംഭവത്തിൽ ഇവൻ്റ് മാനേജറെ കസ്റ്റഡിയിൽ എടുത്തു. ‘ഓസ്കാർ ഇവൻ്റ് ടീം’ മാനേജർ കൃഷ്ണകുമാറിനെയാണ് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. പരിപാടിക്ക് അനുമതി തേടിയതുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം കൃഷ്ണകുമാറിൽ നിന്നും പൊലീസ് തേടും.
ആർട്ട് മാഗസിൻ ആയ മൃദംഗ വിഷന്റെ ഉടമകൾ ഇതിനോടകം തന്നെ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മൃദംഗ വിഷൻ ജിസിഡിഎയ്ക്ക് നൽകിയ അപേക്ഷയുടെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു.ആഗസ്റ്റ് 23 നാണ് പരിപാടിയുമായി ബന്ധപ്പെട്ട അപേക്ഷ സംഘാടകർ നൽകിയിരിക്കുന്നത്. 12000 നർത്തകരെ പങ്കെടുപ്പിക്കുന്ന പരിപാടി ഗിന്നസ് റെക്കോർഡ് നേടാൻ നടത്തുന്ന താണെന്നാണ് എംഡി ജിസിഡിഎയ്ക്ക് നൽകിയ അപേക്ഷയിൽ പറയുന്നത്. സ്ഥാപന ഉടമ നിഗേഷ് കുമാർ ആണ് അപേക്ഷ നൽകിയത്. എന്നാൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ഇന്നലെ നടത്തിയ പരിപാടിയിൽ പങ്കെടുകാനായി രജിസ്ട്രേഷൻ തുകയായി നൽകിയത് 3500 രൂപയാണെന്ന് നൃത്താധ്യാപിക ട്വന്റി ഫോറിനോട് വെളിപ്പെടുത്തി.ഭക്ഷണം, താമസം, മേക്കപ്പ് എല്ലാം സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്താണ് ചെയ്തത്. ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും കുട്ടികൾക്ക് കുടിയ്ക്കാനുള്ള വെള്ളത്തിന് പോലുമുള്ള സൗകര്യം സ്റ്റേഡിയത്തിനകത്ത് സംഘാടകർ ഒരുക്കിയിരുന്നില്ലെന്നും അധ്യാപിക വ്യക്തമാക്കി.